കേരള സമാജം ഓഫ് ഫ്ളോറിഡ ഓണവും സ്വാതന്ത്യ്രദിനവും ആഘോഷിച്ചു
Saturday, August 29, 2015 8:55 AM IST
മയാമി: കേരള സമാജം ഓഫ് ഫ്ളോറിഡയുടെ ഈ വര്‍ഷത്തെ ഓണവും സ്വാതന്ത്യ്രദിനവും സംയുക്തമായി ഓഗസ്റ് 15നു കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

21ല്‍ പരം ഓണ വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഏവര്‍ക്കും രുചിഭേദങ്ങളുടെ നിറക്കൂട്ട് ആയിരുന്നു. മാവേലി മന്നനെ എതിരേറ്റുകൊണ്ട് വന്ന ഘോഷ യാത്രക്ക് ചെണ്ടമേളങ്ങളോടപ്പം മറ്റു വാദ്യഘോഷങ്ങളും ഉണ്ടായിരുന്നു.

തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ മാവേലിയും ഗാന്ധിജിയും പിന്നെ കേരള സമാജവും എന്ന പുതുമയാര്‍ന്ന സ്കിറ്റിലൂടെ തന്റെ പ്രജകളെ കാണാന്‍ വന്ന മാവേലി മന്നനോപ്പം ഗാന്ധിജിയും ഒത്തു ചേര്‍ന്നപ്പോള്‍ കൊട്ടും കുരവയുമായി അവരെ സ്റേജിലേക്ക് ആനയിച്ചു.

തൃപ്പൂണിത്തറ ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. വത്സരാജന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രസിഡന്റ് സജി സക്കറിയ അധ്യക്ഷ പ്രസംഗവും പ്രഫ. വത്സരാജന്‍ ഓണ സന്ദേശവും നല്‍കി.

തിരുവതിരയെ തുടര്‍ന്നു ദേശസ്നേഹത്തിന്റെ ഈരടികള്‍ ക്കൊപ്പം നൃത്തചുവടുകളുമായി കുട്ടികള്‍ വര്‍ണവിസ്മയം തീര്‍ത്തു. അനുഗ്രഹീതഗായകര്‍ ഓണപാട്ടിനൊപ്പം ദേശസ്നേഹം ഉണര്‍ത്തുന്ന ഗാനങ്ങളുമായി മനസിനെ കുളിര്‍പ്പിച്ചു. നൊസ്റാള്‍ജിയ ഉണര്‍ത്തുന്ന ഗാനങ്ങളുമായി എത്തിയ കലാകരന്മാര്‍ സദസിനു പുത്തന്‍ അനുഭവമായി.

ദേശസ്നേഹത്തിന്റെ സ്കിറ്റുമായി വന്ന കലാകാരന്‍മാര്‍ എല്ലാവരുടെയും മനസ്സില്‍ വന്ദേമാതാരത്തിന്റെ അലയൊലികള്‍ ഉണര്‍ത്തി. സൌജന്യമായി കൊടുത്ത റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് ടെലിവിഷന്‍, ലാപ്ടോപ്, ഓണപുടവകള്‍, ഓണകിറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്തു.

കൂപ്പര്‍ സിറ്റി മേയര്‍ ജൂഡി പോള്‍, പെംബ്രോക് പയ്ന്‍സ് വൈസ് മേയര്‍ ഐരിസ് സ്പെല്‍ എന്നിവര്‍ ആശംസകള്‍ നടത്തി. ഫോമ പ്രതിനിധികള്‍ അവരുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന യുവനേതാവും വരുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ സ്റേറ്റ് റപ്രസെന്ററ്റീവ് ആയി മല്‍സരിക്കുന്ന ഡോ. സാജന്‍ കുര്യനെ സദസിനു പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് റോബിന്‍ ആന്റണി സ്വാഗതവും ട്രഷര്‍ ജോന്നെറ്റ് നന്ദിയും പറഞ്ഞു.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വന്‍വിജയം ആക്കുവാന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം കേരള സമാജത്തിന്റെ നിരവധി അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചു. ഡൊമിനിക് ജോസഫ് ഓണസദ്യ ഒരുക്കുന്നതിനും ബിജു ഗോവിന്ദന്‍കുട്ടി വേദി ഒരുക്കുന്നതിനും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം