ബംഗളൂരു- മൈസൂരു അതിവേഗ പാത പ്രായോഗികമെന്ന് ഇ. ശ്രീധരന്‍
Thursday, August 27, 2015 9:21 AM IST
ബംഗളൂരു: ബംഗളൂരുവില്‍ നിന്നു മൈസൂരു വരെയുള്ള അതിവേഗ റെയില്‍പാത സാധ്യമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ റെയില്‍പാതയുടെ ദൂരം 130 കിലോമീറ്റര്‍ എന്നത് 100 കിലോമീറ്ററായി കുറയ്ക്കാനും യാത്രാസമയം 40 മിനിറ്റായി ചുരുക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ പദ്ധതി ഉപേക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്കായി 10,000 കോടി രൂപ ചെലവു വരും. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ 1,000 കോടി രൂപ മാത്രം മുടക്കിയാല്‍ മതി. ബാക്കി 9,000 കോടി രൂപ ജാപ്പനീസ് രാജ്യാന്തര ഏജന്‍സിയായ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി വായ്പയായി നല്കും. പത്തു വര്‍ഷത്തിനു ശേഷം മാത്രം ഇതിലേക്ക് കാര്യമായി തിരിച്ചടച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ നമ്മ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കമാണെന്നും സാങ്കേതികജ്ഞാനമുള്ളവരെ മാറ്റിനിര്‍ത്തി ഉദ്യോഗസ്ഥവൃന്ദം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു കൊണ്ടാണ് പദ്ധതി അനന്തമായി നീളുന്നതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരുദിവസം വൈകുന്നതുമൂലം അധിക സാമ്പത്തിക ബാധ്യത ജനങ്ങളുടേ മേല്‍ വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.