എംബസിയുടെ രക്തദാന പോര്‍ട്ടല്‍ വഴി ദുബായി കെഎംസിസിയുടെ രജിസ്ട്രേഷന്‍ മാതൃകാപരം: ടി.പി. സീതാറാം
Thursday, August 27, 2015 9:14 AM IST
ദുബായി: ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായി കെഎംസിസിയും സംയുക്തമായി ഡോ. ടി. ടിജു രൂപ കല്‍പ്പന ചെയ്ത ംംം.യഹീീററീിീൃ.മല എന്ന രക്തദാന പോര്‍ട്ടല്‍ വഴി 5001 പേരെ പങ്കെടുപ്പിച്ച് ദുബായി കെഎംസിസി കാരുണ്യ സേവന രംഗത്ത് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അഭിപ്രായപ്പെട്ടു.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന് 5001 പേരുടെ രക്തദാന രജിസ്ട്രേഷന്‍ രേഖ ഇന്ത്യന്‍ ക്ളബില്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശികളും സ്വദേശികളും ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന ഈ പോര്‍ട്ടല്‍ വഴി രക്തദാതാക്കളെ കണ്െടത്താനും ജീവിതത്തിന്റെ അടിയന്തരഘട്ടത്തെ തരണം ചെയ്യാനും സാധിക്കുന്നതാണ്. ജീവിതത്തില്‍ ഏതൊരാള്‍ക്കും രക്തത്തിന്റെ ആവശ്യം വരാവുന്നതാണെന്നും അതുകൊണ്ട് ഈ പോര്‍ട്ടല്‍ ലോകത്തിലെ ഏറ്റവും വലിയ രക്തദാന പോര്‍ട്ടലായി ഉയര്‍ത്തണമെന്നും തലാസിമിയ പോലുള്ള രക്തജന്യ രോഗങ്ങള്‍ കൂടുതല്‍ ഉള്ള ഈ രാജ്യത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഉപഹാരമാണ് ഈ പോര്‍ട്ടല്‍ എന്ന് ദുബായി കെഎംസിസി നേതാക്കള്‍ പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സുല്‍ ഡോ. ടി. ടിജു, ദുബായി കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍