ഡെന്‍മാര്‍ക്കില്‍ കുടിയേറ്റക്കാര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു
Thursday, August 27, 2015 9:11 AM IST
കോപ്പന്‍ഹേഗന്‍: അഭയാര്‍ഥികള്‍ക്കും മറ്റു കുടിയേറ്റക്കാര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള നിയമം ഡെന്‍മാര്‍ക്കിലെ പാര്‍ലമെന്റ് പാസാക്കി. 56 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 50 പേര്‍ എതിര്‍ത്തു.

അവസാന എട്ടു വര്‍ഷത്തിനിടെ ഏഴു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവു മാത്രം രാജ്യത്തു താമസിച്ചവര്‍ക്കുള്ള ആനുകൂല്യമാണു നിയന്ത്രിക്കപ്പെടുന്നത്. ഡാനിഷ് സ്റുഡന്റ് ഗ്രാന്റില്‍ കൂടാത്ത തുകയാവും ഇങ്ങനെയുള്ളവര്‍ക്കു നല്‍കുക.

ഇതു പ്രകാരം, കുട്ടികളില്ലാത്ത, പ്രായപൂര്‍ത്തിയായ, ഏഴു വര്‍ഷം തികയ്ക്കാത്ത കുടിയേറ്റക്കാരനു പ്രതിമാസം നികുതി ഉള്‍പ്പെടുത്താതെ 5945 ക്രോണറായിരിക്കും ലഭിക്കുക. ഇപ്പോള്‍ കൊടുത്തുവരുന്നത് 10,849 ക്രോണറാണ്.

ഡാനിഷ് ഭാഷ പഠിക്കാന്‍ വിദേശികള്‍ക്ക് ഇന്‍സെന്റീവ് ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഡാന്‍സ്ക് 2 പരീക്ഷ പാസാകുന്നവര്‍ക്കു പ്രതിമാസ ആനുകൂല്യത്തില്‍ 1500 ക്രോണറാണ് ഇന്‍സന്റീവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍