സുറിച്ചില്‍ ഡബ്ള്യുഎംസി യുത്ത് ഫെസ്റിവല്‍, കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ ഏഴിന്
Thursday, August 27, 2015 9:05 AM IST
സുറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രൊവിന്‍സും യുത്ത് ഫോറവും സംയുക്തമായി നടത്തിവരുന്ന കേരളപ്പിറവി ആഘോഷങ്ങളും യുത്ത് ഫെസ്റിവലും നവംബര്‍ ഏഴിന് സുറിച്ചിലെ കുസ്നാഹ്റ്റിലുള്ള ഹെസ്ലി ഹാളില്‍ നടക്കും.

സിനിമ, സംഗിതം, ഹാസ്യം എന്നീ മേഖലകളില്‍ പ്രശസ്തി നേടിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ സ്റേജ് ഷോ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മികവ് വര്‍ധിപ്പിക്കുമെന്നു പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിലും സെക്രട്ടറി ജോഷി താഴത്തുകുന്നേലും അറിയിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലെ എല്ലാ മേഖലകളില്‍നിന്നു യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു കലാമേളക്കായി യുവപ്രതിഭകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ചാരുതയാര്‍ന്നൊരു കലാവിരുന്ന് സ്വിസ് മലയാളികള്‍ക്ക് ഈ വര്‍ഷം സമ്മാനിക്കുമെന്നു യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരില്‍, സെക്രട്ടറി റോഷ്നി കാശാംകാട്ടില്‍, ട്രഷറര്‍ ഫ്രെഡിന്‍ താഴത്തുകുന്നേല്‍, യൂത്ത് ഫോറം കണ്‍വീനര്‍ ബോസ് മണിയംപാറയില്‍ എന്നിവര്‍ ഉറപ്പു നല്‍കി.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്) വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കുമെന്നു ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍ അറിയിച്ചു. മേജര്‍, മൈനര്‍ എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് മത്സരങ്ങള്‍. വിജയിക്കുന്ന ടീമുകള്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുമെന്നു ട്രഷറര്‍ ബാബു കാശാം കാട്ടില്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 15 നകം ജോഷി പന്നാരക്കുന്നേലിന്റെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 043 844 40 79, 076 240 50 60.

സംഗീതവും നൃത്തവും നടനവും ഹാസ്യവും സമന്വയിക്കുന്ന കേരളപ്പിറവി ആഘോഷങ്ങളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍