ലങ്കാസ്ററില്‍ കര്‍മലീത്താ സഭ മഠം ആരംഭിക്കുന്നു
Thursday, August 27, 2015 8:59 AM IST
പ്രസ്റണ്‍: യുകെയില്‍ സീറോ മലബാര്‍ സഭയ്ക്ക് ഉണര്‍വേകിക്കൊണ്ട് ലങ്കാസ്റര്‍ രൂപതയില്‍ കര്‍മലീത്താ സിസ്റ്റേഴ്സ് തങ്ങളുടെ പ്രഥമ മഠം തുടങ്ങുന്നു. സീറോ മലബാര്‍ സഭയുടെ പ്രഥമ സന്യാസിനി കോണ്‍ഗ്രിഗേഷനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ സ്ഥാപിച്ചതുമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) പ്രസ്റണ്‍ കേന്ദ്രീകരിച്ചാണു മഠം ആരംഭിക്കുക. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായി സിസ്റേഴ്സ് സെപ്റ്റംബര്‍ ആദ്യ വാരത്തോടെ എത്തിച്ചേരും.

ലങ്കാസ്റര്‍ രൂപതയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്കോപ്പല്‍ സിനഡ് അയച്ച സിസ്റേഴ്സ് ആണു യുകെയില്‍ എത്തിച്ചേരുക. സീറോ മലബാര്‍ സഭക്കായി ഒരു ദേവാലയവും രണ്ടു വ്യക്തിഗത ഇടവകകളും അനുവദിച്ചു നല്‍കിയ ലങ്കാസ്റര്‍ റോമന്‍ കത്തോലിക്കാ രൂപത ബിഷപ് മാര്‍ മൈക്കിള്‍ കാംപ്ബെല്‍ തന്നെയാണു സഭാ പ്രവര്‍ത്തനങ്ങള്‍ക്കും ഇടവകകള്‍ക്കും കരുത്തേകാനായി സന്യാസിനി മഠം കൂടി അനുവദിച്ചു നല്‍കിയിരിക്കുന്നത്.

അജപാലന ശുശ്രൂഷകള്‍ക്കു ശക്തി നല്‍കുവാനും കുടുംബാന്തരീക്ഷത്തില്‍ കൂടുതല്‍ ചൈതന്യം പകരുവാനും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും വിശ്വാസ പരിശീലനത്തിലും തുടങ്ങി നിരവധിയായ മേഖലകളില്‍ അനിവാര്യമായ ആത്മീയ സേവനങ്ങള്‍ക്ക് സിസ്റ്റേഴ്സിന്റെ സാന്നിധ്യം അനുഗ്രഹദായകമാവും. ലങ്കാസ്ററില്‍ ആത്മീയ അജപാലന ശുശ്രൂഷകളില്‍ സഹായകം ആവുന്നതിനു പുറമേ യുകെയിലെ മുഴുവന്‍ ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കും.

സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ മൂന്നിനു പ്രസ്റണ്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സിഎംസി മഠത്തിന്റെ ഉദ്ഘാടന കര്‍മവും നിര്‍വഹിക്കുമെന്നു വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയിലറിയിച്ചു.

യുകെയില്‍ സീറോ മലബാര്‍ സഭയ്ക്ക് അഭിമാനവും അനുഗ്രഹവും നിറയുന്ന സുവര്‍ണദിനമായ ഒക്ടോബര്‍ മൂന്നിനു പ്രസ്റണില്‍ നടത്തുന്ന ഇടവകകളുടെ പ്രഖ്യാപനത്തില്‍ സാക്ഷികളാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു ചൂരപൊയ്കയിലും ആഘോഷ കമ്മിറ്റിയും അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ