ആര്‍ഐസിസി ഹദീസ് സെമിനാര്‍ ഓഗസ്റ് 28ന്; കുഞ്ഞിമുഹമ്മദ് പറപ്പൂരും ഫൈസല്‍ പുതുപ്പറമ്പും പങ്കെടുക്കും
Thursday, August 27, 2015 8:56 AM IST
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) യുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്സിന്റെ (ക്യൂഎച്ച്എല്‍സി) ഭാഗമായി സംഘടിപ്പിക്കുന്ന ഹദീസ് സെമിനാര്‍ ഓഗസ്റ് 28നു (വെള്ളി) സുലൈ നിയാറ ഇസ്തിറാഹയില്‍ നടക്കും.

വിശുദ്ധ ഖുര്‍ആന്‍ പ്രചാരണത്തോടൊപ്പംതന്നെ അതീവ പ്രാധാന്യത്തോടെ നടക്കേണ്ടുന്ന ഹദീസ് പ്രചാരണത്തെ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രവാചക വചനങ്ങളുടെ പ്രാമാണികത, ഹദീസ് വിശ്വാസിയുടെ സമീപനം, ഹദീസ് നിഷേധം: ചരിത്രവും വര്‍ത്തമാനവും, ഹദീസ് നിദാന ശാസ്ത്രം ഒരെത്തിനോട്ടം, ഹദീസ് വ്യാഖ്യാനം നൂതന പ്രവണതകള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന സെമിനാറില്‍ പ്രമുഖ പണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തകനുമായ മൌലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഫൈസല്‍ മൌലവി പുതുപ്പറമ്പ് (ജാമിഅ അല്‍ഹിന്ദ്), നൌഫല്‍ മദീനി, മുബാറക് സലഫി, റാഫി സ്വലാഹി എന്നിവര്‍ പങ്കെടുക്കും.

ആര്‍ഐസിസി കണ്‍വീനര്‍ ഉമര്‍ ഷരീഫ്, റിയാദ് നിച്ച് ഓഫ് ട്രൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ കൊല്ലം, ബത്ഹ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഡോ. സ്വബാഹ് മൌലവി, ക്യൂഎച്ച്എല്‍സി കണ്‍വീനര്‍ ശനൂജ് അരീക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.