ഡെന്‍മാര്‍ക്ക് പൌരത്വ നിയമങ്ങളുടെ കടുപ്പം കൂട്ടുന്നു
Wednesday, August 26, 2015 7:59 AM IST
കോപ്പന്‍ഹേഗന്‍: രാജ്യത്തെ പൌരത്വ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുവഴി ഡാനിഷ് പൌരത്വം നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയാണു ലക്ഷ്യം.

ഇതിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പൌരത്വം സ്വീകരിക്കാന്‍ തയാറായിരിക്കുന്ന 1950 വിദേശികള്‍ക്കുപോലും പൌരത്വം നിഷേധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ഡാനിഷ് ഭാഷാ കോഴ്സുകള്‍, പൌരത്വ പരീക്ഷകള്‍, പശ്ചാത്തല പരിശോധനകള്‍ എന്നിവ പൂര്‍ത്തിയാക്കിയവരാണിവര്‍.

ഭേദഗതികള്‍ നടപ്പാക്കിയശേഷം ഒക്ടോബറില്‍ മാത്രമേ ഇവരുടെ അപേക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നു കാണിച്ച് എല്ലാവര്‍ക്കും കത്തും നല്‍കിക്കഴിഞ്ഞു. വിദേശികളോട് അത്ര മമതയില്ലാത്ത സര്‍ക്കാര്‍ കടുത്ത പരീക്ഷയുള്‍പ്പടെ പൌരത്വം നല്‍കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍