ഷിക്കാഗോ ബൈബിള്‍ കലോത്സവം: ഏയ്ഞ്ചല്‍സ് മീറ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Wednesday, August 26, 2015 6:05 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) നടത്തുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ഏയ്ഞ്ചല്‍സ് മീറ്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ ഒമ്പതിന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഏയ്ഞ്ചല്‍സ് മീറ്റ് നടത്തുന്നത്. വിശ്വാസത്തില്‍ വളര്‍ന്നുവരുന്ന ഫൊറോനായിലെ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഈ ഏഞ്ചല്‍സ് മീറ്റ് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ ആര്‍ച്ച്ബിഷപ്പിനും മറ്റു വൈദികര്‍ക്കുമൊപ്പം വെള്ള വസ്ത്രത്തില്‍ അണിനിരന്ന്, ഫൊറോനയിലെ എല്ലാ ഇടവകയിലേയും മിഷനുകളിലേയും കുട്ടികള്‍ തങ്ങളുടെ വിശ്വാസവും ഐക്യവും തനിമയും വിളിച്ചോതും. തങ്ങളുടെ വിശ്വാസം ഊട്ടിവളര്‍ത്തുവാനും സമുദായത്തില്‍ അഭിമാനം കൊള്ളുവാനും നമ്മുടെ കുട്ടികള്‍ക്ക് ഈ ഏയ്ഞ്ചല്‍സ് മീറ്റ് പ്രചോദനം ചെയ്യുമെന്ന് ഫൊറോന അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര അഭിപ്രായപ്പെട്ടു.

ഏയ്ഞ്ചല്‍സ് മീറ്റില്‍ പങ്കെടുന്ന മുഴുവന്‍ കുട്ടികളും അവരുടെ മാതാപിതാക്കളും രാവിലെ 8.45നു മുമ്പായി ദേവാലയത്തില്‍ എത്തിച്ചേരണമെന്നു കണ്‍വീനര്‍ ബിനു ഇടകരയില്‍ അറിയിച്ചു. ഏയ്ഞ്ചല്‍സ് മീറ്റില്‍, മാതാപിതാക്കള്‍ കുട്ടികളുമായി പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ഏവരേയും ഓര്‍മിപ്പിച്ചു.

കണ്‍വീനര്‍ ബിനു ഇടകരയുടെ നേതൃത്വത്തില്‍ ആന്‍സി ചേലക്കല്‍, ലിസി തെക്കേപറമ്പില്‍, മായ തെക്കനാട്ട്, ഷൈനി തറതട്ടേല്‍, മഞ്ചു ചകരിയാംതടത്തില്‍, റെജീന മടയനകാവില്‍, ഷീബ മുത്തോലം, ജയ കുളങ്ങര, സുജ ഇത്തിത്താറ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഏയ്ഞ്ചല്‍സ് മീറ്റിനു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി