ഫാ. ചെറിയാന്‍ തലക്കുളം സിഎംഐ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു
Wednesday, August 26, 2015 6:04 AM IST
ഡബ്ളിന്‍: പ്രഗത്ഭ വാഗ്മിയും ബൈബിള്‍ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഫാ. ചെറിയാന്‍ തലക്കുളം അയര്‍ലന്‍ഡിലെത്തുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് സന്ദര്‍ശനം.

മാന്നാനം കെഇ കോളജ് ലക്ചറര്‍, എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, യുജിസി നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ മെംബര്‍, കേരള പ്രൈവറ്റ് കോളജ് പ്രിന്‍സിപ്പല്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മാന്നാനം, ചെത്തിപ്പുഴ എന്നീ സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് പൂനെ യൂണിവേഴ്സിറ്റിയില്‍നിന്നു ഫിലോസഫിയിലും ബംഗളൂരു ധര്‍മാരാം കോളജില്‍നിന്ന് തിയോളജിയിലും ബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍നിന്നു ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ഫാ. ചെറിയാന്‍ ഇപ്പോള്‍ അമേരിക്കയില്‍ സേവനം ചെയ്യുന്നു.

കോട്ടയം ജില്ലയില്‍ കടയിനിക്കാട് ഇടവകാംഗമാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ 0871300309.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്