വിയന്ന യൂണിവേഴ്സിറ്റി മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഹര്‍ഷ പൂവേലിക്കു മൂന്നാം റാങ്ക്
Wednesday, August 26, 2015 6:02 AM IST
വിയന്ന: ഓസ്ട്രിയയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളി വിദ്യാര്‍ഥിനിക്കു മൂന്നാം റാങ്ക്.

വിയന്ന യൂണിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷയില്‍ ഈ വര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 2014 നേക്കാള്‍ 11 ശതമാനം കൂടുതലായിരുന്നു. വിയന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 740 സീറ്റുകളിലേക്ക് 6,912 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്‍സ്ബ്രൂക്കില്‍ 400 സീറ്റുകളിലേക്ക് 3,493 പേരും ഗ്രാസി ല്‍ 360 സീറ്റിലേക്ക് 3,039 പേരും ലിന്‍സില്‍ ആകെയുള്ള 60 സീറ്റിലേക്ക് 597 പേരും പ്രവേശന പരീക്ഷയെഴുതി. ഓസ്ട്രിയയിലെ മെഡിസിന്‍ എന്‍ട്രന്‍സിന് 14,041 പേര്‍ പരീക്ഷയെഴുതി. ആകെ 1560 സീറ്റുകളാണു രാജ്യത്തെ നാലു യൂണിവേഴ്സിറ്റികളിലായി ഒഴിവുള്ളത്.

രാജ്യത്ത് ആകെയുള്ള 1560 സീറ്റുകളില്‍ 75 ശതമാനം ഓസ്ട്രിയന്‍ വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം സീറ്റുകള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ക്കും 5 ശതമാനം യൂറോപ്യന്‍ ഇക്കണോമിക് ഏരിയ, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

വിയന്ന സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനിയായ ഹര്‍ഷ പഠനത്തോടൊപ്പം ക്ളാസിക്കല്‍ നൃത്തത്തിലും മികവുപുലര്‍ത്തുന്നു. ഓസ്ട്രിയയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഈവര്‍ഷം സ്സ്യൂദ് ടിറോളില്‍ നടന്ന 41-ാമത് ദേശിയ കെമിസ്ട്രി ഒളിംപിക്സില്‍ ഹര്‍ഷയ്ക്ക് വെങ്കലം ലഭിച്ചു. കൂടാതെ ഈ വര്‍ഷത്തെ പ്ളസ്ടു വിദ്യാര്‍ഥികളുടെ പ്രബന്ധ അവതരണത്തില്‍ അലൂമിനിയം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങളെപറ്റി ഹര്‍ഷ തയാറാക്കിയ പ്രബന്ധത്തിന് ഓസ്ട്രിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസ്ഥിതി അവാര്‍ഡും ഹര്‍ഷയെ തേടിയെത്തി.

നെടുമ്പാശേരി നായത്തോട് പോള്‍ പൂവേലിയുടെയും കോതമംഗലം തട്ടേക്കാട് വെളിയേല്‍ചാലില്‍ മോളിയുടെയും രണ്ടാമത്തെ മകളാണ് ഹര്‍ഷ. ബ്രൈട്ടന്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിനിയായ ദീപ്തി ഏക സഹോദരിയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍