ഈസ്റ് ഹാമില്‍ നടന്ന വായനാക്കളരിയില്‍ അനിയന്‍ കുന്നത്തിന്റെ മഴമേഘങ്ങള്‍ ചര്‍ച്ച ചെയ്തു
Wednesday, August 26, 2015 5:59 AM IST
ലണ്ടന്‍: മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സാഹിത്യവിഭാഗമായ കട്ടന്‍കാപ്പിയും കവിതയും ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച വായനാക്കളരിയില്‍ യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരന്‍ അനിയന്‍ കുന്നത്ത് എഴുതിയ വെയില്‍ പൂക്കുന്ന മഴമേഘങ്ങള്‍ എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്തു.

ഓഗസ്റ് 24നു വൈകുന്നേരം ആറിന് എംഎയുകെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സാഹിത്യപ്രേമികളായ നിരവധി പേര്‍ പങ്കെടുത്തു.

പുസ്തക നിരൂപണങ്ങള്‍ പ്രഹനമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനക്കാര്‍ ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ സാഹിത്യകൃതികളെ ആഴത്തില്‍ മനസിലാക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി കോ-ഓര്‍ഡിനേറ്റര്‍ റെജി നന്താകാട്ട് ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഓരോ കവിതകള്‍ ആലപിച്ച് വിശകലനം ചെയ്തു.

നോവലിസ്റ് ജിണ്‍സണ്‍ ഇരിട്ടി, സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ് തുടങ്ങിയവര്‍ അനിയന്റെ കവിതകളിലെ അര്‍ഥവ്യാപ്തികളെക്കുറിച്ച് സംസാരിച്ചു. കേരളത്തില്‍നിന്നു സന്ദര്‍ശനത്തിനെത്തിയ ഡോ. എഡ്വിന്‍ സാഹിത്യരചനകള്‍ പ്രസിദ്ധീകരിച്ചതിനുശേഷം വായനക്കാര്‍ക്ക് അവയെ വിവിധതരത്തില്‍ നിരീക്ഷിക്കുന്നതിനുള്ള അവകാശമുണ്െടന്ന് അഭിപ്രായപ്പെട്ടു. വായനക്കളരിയുടെ സംഘാടകനായ മുരളി മുകുന്ദന്‍ യുകെയിലെ സാഹിത്യകാരന്മാരുടെ കൃതികള്‍ ഇതുപോലെയുള്ള ചര്‍ച്ചയില്‍ കൂടി വായനക്കാരില്‍ കൂടുതല്‍ എത്തപ്പെടുന്നതിനും സാഹിത്യകാരന്മാരെ മുഖ്യധാരയിലെത്തിക്കുന്നതിനും കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തിന്റെ അവസാനം പ്രമുഖ ചിത്രകാരന്‍ ജോസ് ആന്റണി ആധികാരികമായി അനിയന്‍ കുന്നത്തിന്റെ കവികളെ അപഗ്രന്ഥിച്ചു പ്രഭാഷണം നടത്തി.

യോഗനടപടികള്‍ക്കുശേഷം സദസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തിയും വക്കം ജി. സുരേഷ്കുമാര്‍ ആലപിച്ച ഗാനങ്ങള്‍ കേട്ടും പരിപാടികള്‍ സമാപിച്ചു.