അഭയാര്‍ഥികള്‍ക്കെതിരായ നാസി ആക്രമണത്തെ മെര്‍ക്കല്‍ അപലപിച്ചു
Tuesday, August 25, 2015 8:08 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന നാസി ആക്രമണങ്ങളെ പരസ്യമായി അപലപിക്കാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഒടുവില്‍ തയാറായിരിക്കുന്നു. സാക്സണ്‍ പട്ടണത്തില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ തീവ്ര വലതുപക്ഷ പ്രക്ഷോഭം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആക്രമണോത്സുകവും കുടിയേറ്റവിരുദ്ധവുമായ അന്തരീക്ഷമായിരുന്നു അവിടെ. നിയോ നാസികള്‍ വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇതില്‍ പങ്കെടുക്കുന്നത് ഇതിലേറെ അപലപനീയം. കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ വരെ നിയോ നാസി പ്രക്ഷോഭത്തില്‍ പങ്കെടുത്ത കാര്യവും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.

അഭയാര്‍ഥികളുടെ പാര്‍പ്പിടങ്ങള്‍ തീയിട്ട് നശിപ്പിക്കുക, അവരെ ആക്രമിക്കുക, പോലീസുമായി ബലപ്രയോഗം നടത്തി ക്രമസമാധാനനില തകര്‍ക്കുക, രാജ്യത്ത് അരാജകത്വമെന്നു വരുത്തി തീര്‍ക്കുക തുടങ്ങിയവ ക്രിമിനല്‍ കുറ്റങ്ങളാണു നാസികള്‍ അഭയാര്‍ഥികള്‍ക്കു നേരേ പ്രയോഗിക്കുന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ കിഴക്കന്‍ ജര്‍മനിയിലെ ഹൈഡന്‍നവില്‍ അഭയാര്‍ഥികള്‍ക്കെതിരേ അഴിച്ചുവിട്ട ആക്രമണങ്ങള്‍ ജര്‍മനിയുടെ മാനം കെടുത്തുന്നവയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ മെര്‍ക്കലും ഉപചാന്‍സലര്‍ ഗബ്രിയേലും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

എല്ലാ മനുഷ്യരുടെയും അഭിമാനത്തെ മാനിക്കുന്ന രാജ്യമാണ് ജര്‍മനി. അഭയാര്‍ഥിത്വത്തിന് ആര് അപേക്ഷിച്ചാലും അര്‍ഹത നോക്കി പരിഗണിക്കാന്‍ ജര്‍മനി തയാറാണ്- അവര്‍ വ്യക്തമാക്കി.

നേരത്തെ മെര്‍ക്കലിന്റെ വക്താവും അഭയാര്‍ഥികള്‍ക്കെതിരേ ഉണ്ടായ അക്രമങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍