ജര്‍മനിയില്‍ വിദ്യാര്‍ഥിനി ഫ്ളാറ്റ് വിറ്റ് ട്രെയിനില്‍ താമസമാക്കി
Tuesday, August 25, 2015 8:06 AM IST
സ്റുട്ട്ഗാര്‍ട്ട്: ട്യൂബിംഗന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സ്വന്തം ഫ്ളാറ്റ് വിറ്റ് ട്രെയിനില്‍ താമസമാക്കി. നാടോടിജീവിതം ആസ്വദിക്കാനും പണം ലാഭിക്കാനുമാണ് ഇങ്ങനെയൊരു തീരുമാനം.

ജോലി, വിദ്യാഭ്യാസം, പ്രേമബന്ധം തുടങ്ങിയ കാരണങ്ങളാല്‍ മാറി മാറി താമസിക്കേണ്ടിവരുന്ന യുവാക്കള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണിതെന്നു ലിയോണി മുള്ളര്‍ എന്ന ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി പറയുന്നു. രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ട്യൂബിംഗനില്‍ പഠിക്കുകയും വടക്കു ഭാഗത്തുള്ള സ്റുട്ട്ഗാര്‍ട്ടില്‍ താമസിക്കുകയും ചെയ്യുന്നതു വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ലിയോണി.

ഫ്ളാറ്റ് വിറ്റ ലിയോണി ഒരു വര്‍ഷത്തേക്കുള്ള അണ്‍ലിമിറ്റഡ് ട്രെയിന്‍ ടിക്കറ്റ് വാങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഏതു സമയത്തും എത്ര യാത്രകള്‍ വേണമെങ്കില്‍ ട്രെയിനില്‍ ഇതുപയോഗിച്ച് നടത്താം. അപ്പാര്‍ട്ട്മെന്റിലെ താമസത്തിന് ചെലവ് പ്രതിമാസം 400 യൂറോ ആയിരുന്നെങ്കില്‍ ട്രെയിന്‍ ടിക്കറ്റിന് പ്രതിമാസം ചെലവ് 340 യൂറോ മാത്രം. ആഴ്ചയില്‍ 1200 മുതല്‍ 2000 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര നടത്തുന്നുണ്ട് ലിയോണിയിപ്പോള്‍.

എന്നാല്‍, ഇടയ്ക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തുക വഴി രാത്രി അവിടെ ഉറങ്ങാന്‍ സാധിക്കുന്നതും ഒരു പുതിയ അനുഭവം തന്നെ. ഇടയ്ക്കു കൊളോണില്‍ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടില്‍ പോകും. അതും ഒരു പുതിയ അനുഭവംതന്നെയെന്നും ലിയോണി. ട്രെയിനിലായതുകൊണ്ട് ദൂരത്തു താമസിക്കുന്ന കൂട്ടുകാരനെ കാണാന്‍ എന്നും സാധിക്കുന്നതും ജീവിതത്തിന് ഉണര്‍വേകുന്നുണ്ട്. ഇതിനിടെ സ്വന്തം ട്രെയിന്‍ ജീവിതാനുഭവങ്ങള്‍ ലിയോണി സ്വയമായി ബ്ളോഗില്‍ വിശദീകരിച്ചതും കഥയുടെ ചുരുള്‍ നിവര്‍ന്നതും ഒക്കെ ഇപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഏറ്റെടുത്തതോടെ ഈ വിദ്യാര്‍ഥിനിയുടെ കഥ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍