മസ്ക്കറ്റ് സയന്‍സ് ഫെസ്റ് 'ആരോഗ്യജാലകം' സംഘടിപ്പിച്ചു
Tuesday, August 25, 2015 8:00 AM IST
മസ്ക്കറ്റ്: മസ്ക്കറ്റ് സയന്‍സ് ഫെസ്റ്, ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെടുമ്പാശേരി ചാപ്റ്ററുമായി ചേര്‍ന്ന് 'ആരോഗ്യജാലകം' എന്ന പേരില്‍ ഡോക്ടര്‍മാരുമായുള്ള സംവാദം സംഘടിപ്പിച്ചു.

സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട 500ല്‍ പരം പേര്‍ ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സൈറ്റില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ഒമാനിലെ വിവിധ ആശുപത്രികളില്‍ നിന്നെത്തിയ വിവിധ വിഭാഗങ്ങളില്‍പെട്ട പ്രഗത്ഭരായ 12 ഡോക്ടര്‍മാര്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം പ്രവാസികള്‍ നേരിടുന്ന ജീവിത ശൈലീരോഗങ്ങള്‍, വിവിധ മരുന്നുകളുടെ ഉപയോഗം, ഭക്ഷണത്തിലെ ക്രമീകരണം, വ്യായാമത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകളുടെ കുറിപ്പടികളും വിവിധയിനം പരീക്ഷണങ്ങള്‍ക്ക് രോഗികളെ വിധേയമാക്കുന്നതിന്റെ സാംഗത്യവും ചോദ്യംചെയ്യപ്പെട്ടവയില്‍ പെടുന്നു.

പരിപാടി ഉദ്ഘാടനം ചെയ്ത് ഡോ. രഞ്ഞ്ജി മാത്യു ഡോക്ടര്‍ രോഗിയോടു പുലര്‍ത്തേണ്ടുന്ന ദയയും സ്നേഹവും കൈമോശം വരാതെ സൂക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഇഎന്‍ടി സര്‍ജനായ ഡോ. ആരിഫ് അലി പരിപാടിയുടെ മോഡറേറ്ററായിരുന്നു.

കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പൌലോസ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ ജോര്‍ജ്, ഒമാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോ. ജോണ്‍ പി. മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മസ്ക്കറ്റ് സയന്‍സ് ഫെസ്റ് പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ. രവീഷ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം