ഭാഷ സംസ്കാരമാണ്, അതിനെ സംരക്ഷിക്കുക: സി. രാധാകൃഷ്ണന്‍
Monday, August 24, 2015 6:52 AM IST
കുവൈത്ത്: ഭാഷ സംസ്കാരമാണെന്നും അതു വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്െടന്നും പ്രശസ്ത കഥാകാരനായ സി. രാധാകൃഷ്ണന്‍. കലകുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാതൃഭാഷാ പഠനപരിപാടിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഷാ സംഗമം പരിപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്കാരം കൂടുതല്‍ സംരക്ഷിക്കപ്പെടുന്നതു പ്രവാസ ലോകത്താണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ മലയാളം നിര്‍ബന്ധ പഠനഭാഷയാക്കാന്‍ തയാറാകാത്ത അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഭാഷാ പഠനക്ളാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് ഭാഷാ സംഗമം പരിപാടി ആരംഭിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാതൃഭാഷാ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കല ജനറല്‍ സെക്രട്ടറി സ്വാഗതമാശംസിച്ച സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി ശിവസാഗര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ സമിതി കണ്‍വീനര്‍ സജി ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു ഭാഷാ പഠന സ്മരണികയുടെ ആദ്യപ്രതി മുഖ്യ പ്രായോജകരായ അല്‍മുള്ള എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണിനു നല്‍കി സി. രാധാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു.

ഭാഷാസംഗമത്തിനു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ജോണ്‍ സൈമണ്‍, ലിസി കുര്യാക്കോസ് (മാതൃഭാഷാ സമിതി), അബ്ദുള്‍ ഫത്താ (മലയാളം മീഡിയ ഫോറം), സജീവ് എം. ജോര്‍ജ് (കല ആക്ടിംഗ് പ്രസിഡന്റ്), ശുഭാ ഷൈന്‍ (വനിതാവേദി), അക്സ ജോണ്‍ (ബാലവേദി), അനില്‍കുമാര്‍ (പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം), ഇക്ബാല്‍ കുട്ടമംഗലം എന്നിവര്‍ സംസാരിച്ചു.

മാതൃഭാഷാ പരിപാടി രജതജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം പരിപാടിയുടെ ആരംഭം മുതല്‍ സാംസ്കാരിക പരിപാടിയോടൊപ്പം നില്‍ക്കുന്ന വ്യക്തികളെ സമ്മേളനത്തില്‍ ആദരിച്ചു. കൂടാതെ സംരംഭത്തില്‍ നൂറു ക്ളാസുകള്‍ നൂറധ്യാപകര്‍ എന്ന ലക്ഷ്യം ഈ വര്‍ഷം സാര്‍ധകമാക്കിയ അധ്യാപകരേയും ക്ളാസുകള്‍ക്കു സ്ഥലം നല്‍കി പരിപാടിയില്‍ സഹകരിച്ചവരേയും സമ്മേളനത്തില്‍ ആദരിച്ചു. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍, കലയുടെ പ്രതിഭാധനരായ കലാകാരന്മാര്‍ പങ്കെടുത്ത് അവതരിപ്പിച്ച കലാജാഥ, അംഗങ്ങള്‍ക്കുള്ള പുരസ്കാരവും വേദിയില്‍ വിതരണം ചെയ്തു.

കലയുടെ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പതിപ്പ് സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. തുടര്‍ന്നു മാതൃഭാഷാ പഠനപരിപാടിയുടെ 25 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊണ്ട് കലകുവൈത്തിന്റെ സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂര്‍ രചനയും സാക്ഷാത്കാരവും നിര്‍വഹിച്ച 'അക്ഷരം' ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. കല ഭാരവാഹികളും പ്രവര്‍ത്തകരും വിവിധ മേഖല, യൂണിറ്റ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിന് കലകുവൈത്ത് ജോ. സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍