കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷന്‍ സൌത്ത് ഫ്ളോറിഡ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
Monday, August 24, 2015 6:47 AM IST
ഫ്ളോറിഡ: മധ്യതിരുവതാംകൂറിലെ പ്രശസ്തമായ സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷന്റെ സൌത്ത് ഫ്ളോറിഡയിലെ ചാപ്റ്റര്‍, സംഘടനയുടെ വൈസ് പ്രസിഡന്റ് അഡ്വ. ജോണ്‍ ഫിലിപ്പോസിന്റെ മേല്‍നോട്ടത്തില്‍ സൌത്ത് ഫ്ളോറിഡ മാര്‍ത്തോമ ചര്‍ച്ചില്‍ നടന്നു.

സെന്റ് തോമസ് അലൂമിനി അസോസിയേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ജോണ്‍ മാത്യുവിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ജോണ്‍ ടൈറ്റസ് സ്വാഗതം ആശംസിച്ചു. അഡ്വ. ജോണ്‍ ഫിലിപ്പോസ് മലയാളി പ്രവാസികള്‍ കൈവരിച്ച നേട്ടങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. നോര്‍ത്ത് അമേരിക്കയിലേ വിവിധ നഗരങ്ങളില്‍ സംഘടനയുടെ ചാപ്റ്ററുകള്‍ സ്ഥാപിക്കണമെന്നും കോളജിന്റെ വളര്‍ച്ചക്കു പൂര്‍വ വിദ്യാര്‍ഥികള്‍ കൈയയച്ചു സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പൂര്‍വ വിദ്യാര്‍ഥികള്‍ക്കു വിദ്യാലയത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്െടന്നും എല്ലാവരും നാട്ടില്‍ വരുമ്പോള്‍ കോളജ് സന്ദര്‍ശിക്കാന്‍ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡാനിയേല്‍ തോമസ്, അലക്സ് അട്ടപ്പള്ളില്‍, മാത്യൂസ് കെ. മാത്യു, ആനി ജോണ്‍, പ്രഫ. സുനില്‍ എന്നിവര്‍ തങ്ങളുടെ കലാലയ മുത്തശിയുടെ ഓര്‍മകള്‍ അയവിറക്കി. തുടര്‍ന്നു നടന്ന സംഗീത നിശയില്‍ സിനി ഡാനിയേലിന്റേയും തോമസ് പനവേലിലിന്റേയും ഗാനാലാപനം സദസ്യരുടെ കാതുകള്‍ക്കു ഇമ്പമായി. മാത്യു കുരുവിള പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു നന്ദി പറഞ്ഞു. സ്നേഹസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്