'ധര്‍മസ്ഥാപനങ്ങളെ സഹായിക്കുന്നവര്‍ക്കു പുണ്യം ലഭിക്കും'
Monday, August 24, 2015 6:44 AM IST
മനാമ: ധര്‍മസ്ഥാപനങ്ങള്‍ക്കു സഹായം നല്‍കുന്നവര്‍ക്ക് അനശ്വരമായ പുണ്യമാണു ലഭിക്കുന്നതെന്നും പ്രവാസ ജീവിതത്തിനിടയില്‍ ഇത്തരം പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും മുക്കം ദാറുസ്വലാഹ് ജനറല്‍ സെക്രട്ടറിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കാര്യദര്‍ശിയുമായ ഉസ്താദ് സലാം ഫൈസി മുക്കം പറഞ്ഞു.

കഴിഞ്ഞ ദിവസം ഉമ്മുല്‍ ഹസം ബാക്കോക്ക് റസ്ററന്റ് ഹാളില്‍ നടന്ന കടമേരി റഹ്മാനിയ അറബിക് കോളജ് ബഹറിന്‍ കമ്മിറ്റിയുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്ഥാപനത്തെ സഹായിക്കുമ്പോള്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭക്ഷണത്തിലും പഠനത്തിലും മറ്റെല്ലാ ആവശ്യങ്ങളിലും അത് വ്യാപിക്കുമെന്നും പിന്നീട് പഠനത്തിനുശേഷം അവരെല്ലാവരും മരണം വരെ ചെയ്യുന്ന എല്ലാ സുകൃതങ്ങളുടെയെല്ലാം ഒരു പങ്ക് അവരെ സഹായിച്ചവര്‍ക്കെല്ലാം ലഭ്യമാകുമെന്നും തിരുവചനങ്ങള്‍ ഉദ്ധരിച്ചു അദ്ദേഹം വിശദീകരിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യവും പ്രതിഫലവും പ്രഖ്യാപിച്ച മതമാണ് വിശുദ്ധ ഇസ്ലാം. ഭൂമിയില്‍ ഒരു വിശ്വാസി മറ്റൊരാളുടെ പ്രയാസങ്ങളില്‍ പങ്കാളിയായാല്‍ ആ വിശ്വാസിയെ അല്ലാഹു സഹായിക്കുമെന്ന് തിരുനബി(സ) അരുളിയിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോളജ് കമ്മിറ്റി ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ടിപ്ടോപ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബഹറിനിലുടെനീളം സ്ഥാപനത്തിന്റെ പ്രചാരണം നടത്താനും വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ ഹൃസ്വസന്ദര്‍ശനാര്‍ഥം ബഹറിനിലെത്തിയ വള്ള്യാട് അഹമ്മദ് മാസ്റര്‍ക്ക് സ്വീകരണം നല്‍കി. ചാലിയാടന്‍ ഇബ്രാഹിം ഹാജി, സി.കെ. അബ്ദുറഹ്മാന്‍, അഹമ്മദ് ഹാജി തറോപ്പോയിന്‍, ഇബ്രാഹിം പുറക്കാട്ടിരി, ഒ.വി. അബ്ദുള്ള ഹാജി, എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കോളജ് കമ്മിറ്റി ബഹറിന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ കടമേരി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഉബൈദുള്ള റഹ്മാനി നന്ദിയും പറഞ്ഞു.