മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Monday, August 24, 2015 5:31 AM IST
റിയാദ്: അടുത്താഴ്ച നാട്ടില്‍ പോകാനിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നിലമ്പൂര്‍ എടക്കര സ്വദേശി കളത്തിങ്ങല്‍ ഷഫീഖ് (25) ആണു ഞായറാഴ്ച പുലര്‍ച്ചെ മരിത്. നാലു വര്‍ഷമായി റിയാദിലെ ഖൊര്‍നാദയില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എടക്കര കളത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ്-നബീസ ദമ്പതികളുടെ ഏക മകനാണ്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിനി അഭിനാഷയാണ് ഭാര്യ. നാലു വയസുകാരി ദീമയും 6 മാസം പ്രായമുള്ള റീമയും മക്കളാണ്. ഭാര്യാ പിതാവ് പോത്തുകല്ല് സ്വദേശി പാറമ്മല്‍ മുഹമ്മദലി റിയാദില്‍ തന്നെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു.

ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയയ്ക്കുന്നതിനായി ഭാര്യാപിതാവ് മുഹമ്മദലിയോടും സുഹൃത്ത് മെഹബൂബിനോടുമൊപ്പം സാമൂഹ്യപ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍