വടംവലി ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചാമ്പ്യന്മാരായി
Saturday, August 22, 2015 8:48 AM IST
ഡാളസ്: ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ ഒന്നാമത് അന്തര്‍ദേശീയ വടംവലി മത്സരത്തില്‍ ഡാളസ് കിംഗ്സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ളബ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഹൂസ്റണ്‍ കില്ലേഴ്സിനെ കീഴ്പ്പെടുത്തിയാണ് ട്രോഫിയും 1500 ഡോളര്‍ കാഷ് അവാര്‍ഡും കരസ്ഥമാക്കിയത്.

എട്ടു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിലെ സെമി ഫൈനലില്‍ ഡാളസ് കിംഗ്സ് ഡാളസ് റോയല്‍സിനെയും ഹൂസ്റണ്‍ കില്ലേഴ്സ്, ദാക്ഷായണി ആര്‍ട്സ് ക്ളബ് ഡാളസിനെയും പരിചയപ്പെടുത്തിയണ് ഫൈനലില്‍ കടന്നത്. ജിനു കുടില്‍ ക്യാപ്റ്റനായും സൈമണ്‍ ചാമക്കാല കോച്ചായുളള ഡാളസ് കിംഗ്സിനെതിരെ ഹൂസ്റണ്‍ കില്ലേഴ്സിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല.

ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ ഉദ്ഘാടനം ഡാളസ് ക്രൈസ്റ് ദ കിംഗ് ഡാളസ് ക്നാനായ ചര്‍ച്ച് വികാരി ഫാ. മാത്യു മേലേടം നിര്‍വഹിച്ചു. കൂടാതെ ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി കൌണ്‍സില്‍ മൈക്ക് ബുമ് ഗാര്‍ഡണര്‍ വിശിഷ്ടാതിഥിയായ സമ്മേളനത്തില്‍ ഡാളസ് ക്നാനായ യാക്കോബായ വികാരി ഫാ. എബി ഏബ്രഹാമും സന്നിഹിതനായിരുന്നു. ക്ളബ് പ്രസിഡന്റ് ജിനു കുടിലില്‍ വിശിഷ്ടാതിഥികളേയും ടീമംഗങ്ങളേയും സ്വാഗതം ചെയ്തു. സൈമണ്‍ ചാമക്കാല നന്ദി പറഞ്ഞു.

അഞ്ഞൂറില്‍പരം കാണികള്‍ക്കു മുമ്പില്‍ നടന്ന വടംവലി മത്സരം സിറ്റി കൌണ്‍സില്‍ മൈക്ക് ബുമ് ഗാര്‍ഡണര്‍ക്ക് വളരെയധികം കൌതുകം ഉള്ളവാക്കി. ഫാ. മാത്യു മേലേടവും ഫാ. എബി ഏബ്രഹാമും ആശംസകള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍