ജര്‍മന്‍ സ്ഥാപനം പതിനാല് ഗ്രീക്ക് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കും
Saturday, August 22, 2015 8:16 AM IST
ബര്‍ലിന്‍: ഗ്രീക്ക് സാമ്പത്തിക ദുരന്തത്തില്‍നിന്ന് ജര്‍മന്‍ സ്ഥാപനങ്ങള്‍ നേട്ടമുണ്്ടാക്കുന്ന പ്രവണത തുടരുന്നു. ഗ്രീസിലെ 14 വിമാനത്താവളങ്ങള്‍ ജര്‍മന്‍ സ്ഥാപനം ഏറ്റെടുക്കാന്‍ ധാരണ.

സാമ്പത്തിക രക്ഷാ പാക്കേജിന്റെ ഭാഗമായുള്ള സ്വകാര്യവത്കരണ നിര്‍ദേശങ്ങള്‍ ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഇത്രയധികം പ്രാദേശിക വിമാനത്താവളങ്ങള്‍ ഫ്രാപോര്‍ട്ട്-സ്ളെന്റെല്‍ എന്ന ജര്‍മന്‍ കണ്‍സോര്‍ഷ്യത്തിനു സ്വന്തമാകുന്നത്. താരതമ്യേന ചുരുങ്ങിയ തുകയായ 1.23 ബില്യന്‍ യൂറോ മാത്രമാണ് അവര്‍ ഇതിനു മുടക്കുന്നത്.

ഗ്രീസിലെ പ്രധാന ട്രാവല്‍ ഹബുകളായ തെസാലോനികി, ഹാനിയ, മൈകോനോസ്, കോര്‍ഫു, റോഡ്സ്, സാന്റോറിനി തുടങ്ങിയ ഇടങ്ങളിലേക്കെല്ലാമുള്ള വിമാന യാത്രയുടെ കുത്തകയാണ് ഇതോടെ ജര്‍മന്‍ കമ്പനി കരസ്ഥമാക്കുന്നത്. പ്രതിവര്‍ഷം 22.9 മില്യന്‍ യൂറോ എന്ന നിരക്കില്‍ നാല്‍പ്പതു വര്‍ഷത്തേക്കുള്ള പാട്ടക്കരാറാണ് തയാറാക്കിയിരിക്കുന്നത്.

ഗ്രീസിനു സഹായം നല്‍കുന്നതിനുള്ള ഉപാധികള്‍ യൂറോപ്യന്‍ ധനമന്ത്രിമാര്‍ അംഗീകരിച്ച ശേഷമുള്ള ആദ്യ ഏറ്റെടുക്കലാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍