നവോദയ കൃഷ്ണപിള്ള ദിനം ആചരിച്ചു
Saturday, August 22, 2015 8:10 AM IST
റിയാദ്: ശ്രീനാരായണ ഗുരുദേവനെപോലുള്ള നവോഥാന നായകരും പി.കൃഷ്ണപിള്ളയെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളും തകര്‍ത്തെറിഞ്ഞ സവര്‍ണാധിപത്യവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കാനും എസ്എന്‍ഡിപിയെ പോലുള്ള മഹത്തായ ചരിത്രമുള്ള സംഘടനയെ ബിജെപിയുടെ തൊഴുത്തില്‍ കെട്ടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തെ ചെറുക്കണമെന്നും നവോദയ സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണവും നവോദയ സ്ഥാപക ദിനാചരണവും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദിനാചരണം നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഇന്നു കേരളത്തിലടക്കം ഒരു ഭാഗത്ത് ആര്‍എസ്എസും ബിജെപിയും മറുഭാഗത്ത് എന്‍ഡിഎഫും മുസ്ലിംലീഗും വര്‍ഗീയ അജണ്ടകളുമായി മുന്നോട്ട് പോകുകയാണെന്നും അതിനെ പ്രതിരോധിക്കുക എന്നത് കമ്യൂണിസ്റുകാരന്റെ ചുമതലയാണെന്നും സമകാലിക രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് സുധീര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കാവിവല്‍ക്കരണം നടത്തുമ്പോള്‍ കേരള സര്‍ക്കാര്‍ പച്ചവത്കരണം നടത്തി പരിഹാസ്യരാവുകയാണ്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും മാത്രമല്ല, ശാസ്ത്രം പോലും വളച്ചൊടിക്കുകയാണ്. അനര്‍ഹരായവരെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുന്നത് സര്‍വ മേഖലയും ഹിന്ദുത്വവത്കരിക്കുക എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ്. വ്യാപം മോദിഗേറ്റ് അഴിമതികളില്‍ മുങ്ങികുളിച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും സൂധീര്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ സാധാരണ പ്രവാസികള്‍ക്ക് ഒന്നും തന്നെ ലഭിച്ചില്ലെന്നും സുധീര്‍ പറഞ്ഞു.

ഓഗസ്റ് 19നു രൂപീകരിച്ച നവോദയ ആറു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കൈവരിച്ച വളര്‍ച്ചയേയും സംഘടന ഈ വര്‍ഷം നടത്തിയ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സെക്രട്ടറി അന്‍വാസ് വിവരിച്ചു. ഷൈജു ചെമ്പൂര്‍ പി. കൃഷ്ണപിള്ളയെ അനുസ്മരിച്ചു. ഉപ്പ് സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത കൃഷ്ണപിള്ള പുതിയ തലമുറ മാതൃകയാക്കേണ്ട വിപ്ളവകാരിയാണെന്ന് ഷൈജു പറഞ്ഞു. വിഷദംശനമേറ്റ് മരണം തൊട്ടുമുന്നിലെത്തിയപ്പോഴും സഖാക്കളേ മുന്നോട്ട് എന്നാണ് കൃഷ്ണപിള്ള എഴുതിയത്. ആ വാക്കുകള്‍ ഓരോ സഖാക്കളും ഹൃദയത്തിലേറ്റണമെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മാര്‍ഗദീപമായി തീരണമെന്നും ഷൈജു സൂചിപ്പിച്ചു.

പഴയ കാലഘട്ടത്തില്‍ നിലനിന്ന ജന്മി കുടിയാന്‍ ചൂഷണത്തെ കുറിച്ചും അയിത്തം പോലുള്ള ജാതി മേല്‍ക്കോയ്മകളെക്കുറിച്ചും പുതിയ തലമുറക്ക് അറിവില്ലാത്തതുകൊണ്ടാണ് അവര്‍ അരാഷ്ട്രീയവാദികളും വര്‍ഗീയവാദികളും ആയിത്തീരുന്നതെന്ന് ഉദയഭാനു പറഞ്ഞു. ഹക്കീം മാരാത്ത്, അഹമ്മദ് മേലാറ്റൂര്‍, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അന്‍വാസ് സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍