വിദേശത്തുനിന്നു നികുതിയില്ലാതെ കൊണ്ടുവരാവുന്ന വസ്തുക്കളുടെ പരിധി ഉയര്‍ത്തി
Friday, August 21, 2015 7:08 AM IST
വിദേശത്തുനിന്നു നികുതിയില്ലാതെ കൊണ്ടുവരാവുന്ന വസ്തുക്കളുടെ പരിധി ഉയര്‍ത്തി. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ 'കസ്റംസ് ബാഗേജ് ഡിക്ളറേഷന്‍' വ്യവസ്ഥകളിലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

വിദേശത്തുനിന്ന് 45,000 രൂപയുടെ വരെ സാധനസാമഗ്രികള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്നു ഇതിന്റെ പരിധി. 25,000 രൂപ കൈവശം കൊണ്ടുവരുന്നതിനും തടസമില്ല. വെളിപ്പെടുത്തിയല്ലാതെ (ഡിക്ളയര്‍ ചെയ്യാതെ) 10,000 രൂപയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ ഇതുവരെ അനുവദിച്ചിരുന്നില്ല.

45,000 രൂപയ്ക്കു മുകളില്‍ വിലയുള്ള സാധനസാമഗ്രികള്‍ കൊണ്ടുവരണമെങ്കില്‍ അധികമൂല്യത്തിന്റെ 36.05 ശതമാനം നികുതി നല്‍കണം. എങ്കിലും മൂല്യപരിധിക്കു മുകളില്‍ ഒരു ലാപ്ടോപ് കംപ്യൂട്ടര്‍കൂടി അനുവദിക്കും. അതായത്, 45,000 രൂപ വിലയുള്ള വിദേശ സാധനസാമഗ്രികള്‍ക്കുപുറമേ ഒരു ലാപ്ടോപ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. എന്നാല്‍ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്ന് 6000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കേ നികുതിയിളവു കിട്ടൂ. സൌജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടെയും അനുബന്ധ വസ്തുക്കളുടെയും അളവും എണ്ണവും നേര്‍ പകുതിയായി കുറച്ചിട്ടുണ്ട്. നൂറു സിഗരറ്റും 25 സിഗാറും 125 ഗ്രാം പുകയിലയുമാണ് ഇനി സൌജന്യമായി കൊണ്ടുവരാവുന്നത്.

മാംസം, മാംസ ഉത്പന്നങ്ങള്‍, മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍, വിത്ത്, ചെടികള്‍, പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവ കൊണ്ടുവരുന്നവര്‍ അതു വെളിപ്പെടുത്തേണ്ടി വരും. അവയുടെ ആകെ വിദേശനാണ്യ മൂല്യം എത്രയെന്നും വെളിപ്പെടുത്തണം. എല്‍സിഡി, എല്‍ഇഡി, പ്ളാസ്മ ടിവികള്‍ എന്നിവ കൊണ്ടുവരുന്നവരില്‍ നിന്നു 2013 മുതല്‍ 36 ശതമാനം നികുതി ഈടാക്കുന്നുണ്ട്. വിദേശവിപണികളില്‍ നിന്നു താരതമ്യേന കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ടിവികള്‍ ഇന്ത്യയില്‍ വിലകുറച്ചു വില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഈ നടപടി. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയെങ്കിലും നിബന്ധന ഭേദഗതി ചെയ്തിട്ടില്ല.