അഭയാര്‍ഥി പ്രശ്നം: ബ്രിട്ടന്‍ പോലീസിനെ അയയ്ക്കും, ഫ്രാന്‍സ് കൂടുതല്‍ കിടക്കകള്‍ അനുവദിക്കും
Thursday, August 20, 2015 8:18 AM IST
ലണ്ടന്‍: അഭയാര്‍ഥിപ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്ന പരസ്പരവിരുദ്ധമായ നിലപാടുകള്‍ക്ക് ഒരു ഉദാഹരണം കൂടി.

ചാനല്‍ കടന്ന് അഭയാര്‍ഥികള്‍ എത്തുന്നതു തടയാന്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ് യുകെ. ഇതു സംബന്ധിച്ച ഉത്തരവില്‍ ഹോം സെക്രട്ടറി തെരേസ മേ ഒപ്പുവച്ചു. കള്ളക്കടത്തുകാരെ തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലാണ് കുടിയേറ്റക്കാരെ തടയാനും നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ഫ്രഞ്ച് സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്കുള്ള മനുഷ്യത്വപരമായ സഹായങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നൂറുകണക്കിന് അഭയാര്‍ഥികള്‍ക്ക് കിടക്കകള്‍ അനുവദിക്കും.

അഞ്ഞൂറ് അഭയാര്‍ഥികളെ കൂടുതലായി സ്വീകരിക്കാമെന്നും അതിനായി യൂറോപ്യന്‍ യൂണിയന്‍ ഫണ്ടില്‍നിന്ന് 1.7 മില്യന്‍ പൌണ്ട് അനുവദിക്കണമെന്നും ഫ്രാന്‍സ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. അയ്യായിരത്തോളം അഭയാര്‍ഥികളുടെ ഉത്തരവാദിത്വമാണ് ഫ്രാന്‍സ് ഏറ്റെടുക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍