അബുദാബിയില്‍ തകരാറിലായ ലിഫ്റ്റില്‍ നിന്നു വീണു മലയാളി മരിച്ചു
Thursday, August 20, 2015 6:56 AM IST
കുഞ്ഞിമംഗലം: അബുദാബിയില്‍ തകരാറിലായ ലിഫ്റ്റില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര, കക്കാടപ്പുറത്ത് വി.യു. അബ്ദുറഹ്മാന്‍-ജമീല ദമ്പതികളുടെ മകന്‍ കെ.പി. അഷ്റഫ് (28) ആണു മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആറരയോടെ അബുദാബി ജവാസാദ് റോഡിലെ ബഹുനില കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്നു താഴേക്കു വരാനായി ലിഫ്റ്റില്‍ കയറുമ്പോഴായിരുന്നു അപകടം. ജബോ സിഗ്നലിനു സമീപത്തെ അബ്ദുള്‍ഖാദര്‍ ഗ്രോസറിയിലെ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. സമീപത്തെ യാസ്മിന്‍ സ്വീറ്റ്സ് റസ്ററന്റിലേക്കു സാധനങ്ങളുമായി പോയ അഷ്റഫ് താഴേക്കുവരുന്നതിനായി ലിഫ്റ്റിന്റെ സ്വിച്ച് അമര്‍ത്തി. ഈ സമയം ലിഫ്റ്റിന്റെ വാതില്‍ തുറന്നെങ്കിലും ലിഫ്റ്റ് എത്തിയിരുന്നില്ല. ഇതറിയാതെ ഉള്ളിലേക്ക് കയറിയപ്പോള്‍ താഴേക്കുപതിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. സഹോദരങ്ങള്‍: അഷ്കര്‍, ഫാറൂഖ്, ജുമൈലിയ.