ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഓഗസ്റ് 23ന്
Thursday, August 20, 2015 6:55 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ളീഹായുടെയും കേരള സഭയില്‍നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ് 23നു (ഞായര്‍) ആഘോഷിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച് ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന 'ഏയ്ഞ്ചല്‍സ് മീറ്റും' നടക്കും.

ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.45നു ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ. വില്ലി (മേരി ഇമ്മാക്കുലേറ്റ് ദേവാലയം), ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

ദിവ്യബലി അര്‍പ്പണത്തിനുശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ളിന്‍ സീറോ മലബാര്‍ സഭ ചാപ്ളെയിന്‍സ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍