ഐഎന്‍ഒസി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Thursday, August 20, 2015 5:29 AM IST
ഷിക്കാഗോ: ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി കേരള ചാപ്റ്റര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഷിക്കാഗോയില്‍ എത്തി.

ഓഗസ്റ് 19-നു (ബുധനാഴ്ച) രാവിലെ ഏഴിനു ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മന്ത്രിയെ ഐഎന്‍ഒസി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, ഐഎന്‍ഒസി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഓഗസ്റ് 21-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 5.30നു താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥികളെ കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ യുഎസ് കോണ്‍ഗ്രസ് മാന്‍, സ്റേറ്റ് സെനറ്റര്‍മാര്‍, മേയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. കൂടാതെ വിവിധയിനം കലാപരിപാടികളും കണ്‍വന്‍ഷനു മാറ്റുകൂട്ടും.

ഐ.എന്‍.ഒ.സി ഭാരവാഹികളായ ട്രഷറര്‍ ഡൊമിനിക് തെക്കേത്തല, ജോര്‍ജ് മാത്യു, സുബാഷ് ജോര്‍ജ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ സി.ഡി പാണ്ഡേ, എയര്‍ ഇന്ത്യ ഷിക്കാഗോ മാനേജര്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം