ഗ്രീക്ക് മൂന്നാം രക്ഷാ പാക്കേജ്: ജര്‍മന്‍ പാര്‍ലമെന്റില്‍ പാസായി
Wednesday, August 19, 2015 8:02 AM IST
ബര്‍ലിന്‍: ഗ്രീക്ക് മൂന്നാമത് രക്ഷാ പാക്കേജ് അംഗീകരിക്കുന്നതു സംബന്ധിച്ച് ജര്‍മന്‍ പാര്‍ലമെന്റ് ബുധനാഴ്ച ഉച്ചയ്ക്കു വോട്ട് ചെയ്തു. പ്രതീക്ഷിച്ചതുപോലെ ഭൂരിപക്ഷം അംഗങ്ങളും പാക്കേജിനെ പിന്തുണച്ചു. സഭയില്‍ ആകെയുണ്ടായിരുന്ന അംഗങ്ങളില്‍ 454 പേര്‍ അനുകൂലിച്ചപ്പോള്‍ 113 പേര്‍ എതിര്‍ക്കുകയും 18 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മെര്‍ക്കലിന്റെ പാര്‍ട്ടിക്കാരായ സിഡിയു അംഗങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്തുവെന്നാണു മാധ്യമ റിപ്പോര്‍ട്ട്. ധനമന്ത്രി വോള്‍ഫ്ഗാംഗ് ഷൊയ്ബളെ അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് വോട്ടടുപ്പുനടന്നത്.

അതേസമയം, ഇതു പാസായിട്ടും വോട്ടെടുപ്പ് ചര്‍ച്ചയില്‍ ഭരണപക്ഷത്തെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത് ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു വലിയ വെല്ലുവിളിയായി മാറിയെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

86 ബില്യന്‍ യൂറോയുടെ പാക്കേജ് സംബന്ധിച്ച് മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ബവേറിയന്‍ സഹേദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യല്‍ യൂണിയനും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്.

രക്ഷാ പാക്കേജിലൂടെ ഗ്രീസ് പലര്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളുടെ വലിയൊരു പങ്ക് എഴുതിത്തള്ളപ്പെടുന്നു എന്നാണ് ഒരു വിഭാഗം എംപിമാര്‍ ഉയര്‍ത്തുന്ന ആശങ്ക. ഈ സാഹചര്യത്തിലാണു നൂറിലേറെ എംപിമാര്‍ പാക്കേജിനെ എതിര്‍ത്തതെന്നാണു വിലയിരുത്തല്‍. എന്നാല്‍, സര്‍ക്കാര്‍ നിലപാടിനെ പരാജയപ്പെടുത്താനുള്ള അംഗബലം ഇവര്‍ക്കില്ല എന്നതും വാസ്തവം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍