ഒമ്പതാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷനു വെര്‍ജീനിയായില്‍ സമാപനം
Wednesday, August 19, 2015 8:01 AM IST
വെര്‍ജീനിയ: ഒമ്പതാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷനു വെര്‍ജീനിയായിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ സമാപനം. നാലു ദിവസങ്ങളിലായി നടന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മഹാകുടുംബം സംഗമം ഓഗസ്റ് ആറിനു വൈകുന്നേരം മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. കുടുംബം എന്ന അടിസ്ഥാന ഘടകത്തിനെതിരേ സമകാലീന സാമൂഹിക സാംസ്കാരിക പശ്ചാത്തലം കലാപകൊടി ഉയര്‍ത്തുമ്പോള്‍ കാവലാള്‍ ആകേണ്ടവരാണു ക്രിസ്ത്യാനികള്‍ എന്ന സ്വര്‍ഗീയമായ ആശയമാണു സംഗമം പഠനവിഷയമാക്കിയത്. വിവിധ ഇടവകകള്‍ നേതൃത്വം നല്‍കിയ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളോടെയാണ് ആദ്യദിനം അവസാനിച്ചത്.

രണ്ടാം ദിവസം രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണു കണ്‍വന്‍ഷന്‍ ആരംഭിച്ചത്. കുടുംബത്തിലെ വിശ്വാസ വളര്‍ച്ചയെപ്പറ്റി യൂഹാനോന്‍ മോര്‍ ക്രിസോസ്റം മെത്രാപ്പോലീത്ത കുര്‍ബാനമധ്യേ സുവിശേഷ പ്രഘോഷണം നടത്തി. തുടര്‍ന്നു വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ക്ളാസുകള്‍ നടന്നു. മുതിര്‍ന്നവര്‍ക്ക് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ജോസഫ് പാംപ്ളാനി കുടുംബം- സ്നേഹത്തിന്റെ ഭവനം, വിശ്വാസകളരി, ജീവന്റെ അള്‍ത്താര എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി. യുവജനങ്ങള്‍ക്കായി ഫാ. ടോം ബൈറ്റ്സും കരോളിന്‍ ധിര്‍ക്സും ക്ളാസുകള്‍ നയിച്ചപ്പോള്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് രാജേഷ് ജേക്കബും ബിനു ഏബ്രഹാമും ക്ളാസുകള്‍ നയിച്ചു. യുവദമ്പതികള്‍ക്കായി കുടുംബത്തില്‍ സംവേദനത്തിന്റെ സാംഗത്യത്തെക്കുറിച്ച് ഫാ. ഏബ്രഹാം ഒറപ്പാങ്കല്‍ ക്ളാസെടുത്തു.

രണ്ടാം ദിവസം സ്പോര്‍ട്സിനും മറ്റു വിനോദ പരിപാടികള്‍ക്കുമായി പ്രത്യേക സമയം കണ്െടത്തിയിരുന്നു. വൈകുന്നേരം സന്ധ്യ പ്രാര്‍ഥനക്കുശേഷം അര്‍ലിംഗ്ടണ്‍ ബിഷപ് ഡോ. പോള്‍ ലോവര്‍ഡെ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു ക്ളാസെടുത്തു. എംസിവൈഎം യുവജനങ്ങള്‍ നടത്തിയ കലാപരിപാടികളോടെ രണ്ടാം ദിനം അവസാനിച്ചു.

മൂന്നാംദിനം രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഫിലിപ്പോസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത കുടുംബത്തില്‍ ധാര്‍മികതയുടെ പിന്‍ബലം ഉണ്ടാകണം എന്ന ആശയത്തെ ഉദ്ധരിച്ച് വചനപ്രഘോഷണം നടത്തി. തുടര്‍ന്നു വിവിധ സെഷനുകളിലായി ക്ളാസുകള്‍ നടന്നു.

അമേരിക്കന്‍ മണ്ണില്‍ മലങ്കര സഭയ്ക്ക് അടിസ്ഥാനമിട്ട ബനഡിക്ട് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ഗ്രിഗോറിയോസ് ലക്ചറും സംഘടിപ്പിച്ചു. ചടങ്ങില്‍ ശതാബ്ദി സ്മാരകമായ മോര്‍ ഗ്രിഗോറിയോസ് ഫോര്‍മേഷന്‍ സെന്ററിന്റെ ധനശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു.

ഉച്ചകഴിഞ്ഞ് പ്രദക്ഷിണവും പൊതുസമ്മേളനവും നടന്നു. കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ എക്സാര്‍ക്കേറ്റ് അധ്യക്ഷന്‍ തോമസ് മോര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിച്ചു. വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോണാള്‍ഡ് വ്യോള്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, യൂത്ത് പ്രതിനിധി സ്റീഫന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു സന്ധ്യ പ്രാര്‍ഥനയും ഇടവകകളുടെ കലാപരിപാടികളും നടന്നു. ചിരിയരങ്ങോടെ മൂന്നാം ദിനം അവസാനിച്ചു.

നാലാം ദിനം രാവിലെ വിശുദ്ധ കുര്‍ബാനയും സമാപന സമ്മേളനവും നടന്നു. തുടര്‍ന്നു വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് കുടുംബം കരുണയുടെ കാതലാണെന്നും എല്ലാ നല്ല ഗുണങ്ങളും നാം പഠിക്കുന്നത് കുടുംബം എന്ന പാഠശാലയില്‍നിന്നുമാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

നാലു ദിവസങ്ങളിലായി വൈദിക-സന്യസ്ത സമ്മേളനം, പാസ്ററല്‍ കൌണ്‍സില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപക സമ്മേളനം, യുവജന സമ്മേളനം എന്നിവയും നടന്നു.

ചെയര്‍മാന്‍ യൌസോബിയോസ് മെത്രാപ്പോലീത്ത, കോചെയര്‍മാന്‍ മോണ്‍. പീറ്റര്‍ കോച്ചേരി, ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റിന്‍ മംഗലത്ത്, മറ്റു കണ്‍വീനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, പാസ്ററല്‍ കണ്‍സില്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് എന്നിവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്; മോഹന്‍ വര്‍ഗീസ്