മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ പൊന്നോണം ഓഗസ്റ് 22ന്
Wednesday, August 19, 2015 5:14 AM IST
ടാമ്പ (ഫ്ളോറിഡ): സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2620 വാഷിംഗ്ടണ്‍ റോഡിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ഓഗസ്റ് 22നു (ശനി) 11 മുതല്‍ നടക്കും. പ്രത്യേക ക്ഷണിതാവായി കേരളത്തില്‍നിന്നെത്തുന്ന മലയാള സിനിമാതാരം ബാബു ആന്റണിയും കുടുംബവുമാണ് ഈ വര്‍ഷത്തെ മുഖ്യാതിഥികള്‍.

മലയാളത്തനിമയാര്‍ന്ന വിഭവസമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളമത്സരം, പുലികളി, ശിങ്കാരിമേളം, ചെണ്ടമേളം താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടുകൂടി മഹാബലിയെ എതിരേല്‍ക്കല്‍ എന്നീ പരിപാടികള്‍ പുതു തലമുറയ്ക്കു മനസിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും സാധിക്കും. ദൈവത്തിന്റെ സ്വന്തം നാടായ മാവേലിമണ്ണിലെ സ്മരണകള്‍ ഇരമ്പുന്ന, നിരവധി കലാപരിപാടികളാണ് ഓണസദ്യക്കുശേഷം അരങ്ങേറുക.

രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ബാബു ആന്റണിയും കുടുംബവും സാംസ്കാരിക പരിപാടികളില്‍ ചുവടുവയ്ക്കും.

പ്രവാസി സമൂഹത്തിന് ആഹ്ളാദവും അഭിമാനവും പകര്‍ന്നുകൊണ്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ട എംഎസിഎഫിന്റെ അടുത്ത സാംസ്കാരിക പരിപാടി സെപ്റ്റംബര്‍ 19നു നടക്കുന്ന 'ജയറാം ഷോ' ആണ്. നാഷണല്‍ ലവല്‍ ടാലന്റ് കോമ്പറ്റീഷന്‍ ഒക്ടോബര്‍ 10നു (ശനി) എംഎസിഎഫ് ആസ്ഥാനമായ കേരള കള്‍ച്ചറല്‍ സെന്ററില്‍ (കെസിസി) വച്ചും മറ്റു ഇതര ഓഡിറ്റോറിയങ്ങളിലുമായും നടക്കും.

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന സാഹിത്യരചനാ അവാര്‍ഡുകള്‍ക്കായുള്ള കൃതികള്‍ അയച്ചുതരേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്. ചെറുകഥ, കവിത, പ്രബന്ധം എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഷീലക്കുട്ടി, ബിജോയ് ജേക്കബ്, സാജന്‍ കോറാത്ത്, ജയിംസ് ഇല്ലിക്കല്‍, ടി. ഉണ്ണിക്കൃഷ്ണന്‍, സോണി കുളങ്ങര, ബെന്നി വഞ്ചിപുരയ്ക്കല്‍, ജോസ് ഉപ്പൂട്ടില്‍, ഫ്രാന്‍സിസ് വയലുങ്കല്‍, മറിയാമ്മ വട്ടമറ്റം, ലിജു ആന്റണി, ഡോ.മോഹന്‍, സല്‍മോന്‍ മാത്യു, ഷീല ഷാജു, സാലി മച്ചാണിക്കല്‍, അബു സാം കോറുത്ത്, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ ജോസ് ജോണ്‍സണ്‍ പടിക്കാപറമ്പില്‍, റഹി മാത്യു, സാജി മാടത്തിലാട്ട്, സിന്ധു ജിതേഷ്, സുജിത്കുമാര്‍ അച്ചുതന്‍, സജി കരിമ്പന്നൂര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം