ദുബായി കെഎംസിസിയില്‍ പരിശീലന ശില്‍പ്പശാല ഓഗസ്റ് 29ന്
Tuesday, August 18, 2015 8:20 AM IST
ദുബായി: വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഔദ്യോഗിക തലങ്ങളിലും നേതൃ രംഗത്തും ശരിയായ സമയത്ത് ഏറ്റവും യുക്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തി നല്‍കുന്ന ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ് ശില്‍പ്പശാല ദുബായി കെഎംസിസിയില്‍.

കെഎംസിസി ഐ-സ്മാര്‍ട്ട് വിംഗ് ആണ് പരിശീലനവും ശില്‍പ്പശാലയും സംഘടിപ്പിക്കുന്നത്. അല്‍ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് ഓഗസ്റ് 29നു (വ്യാഴം) രാത്രി എട്ടിനാണ് ശില്‍പ്പശാല. രാജ്യാന്തര പ്രശസ്തമായ എസ്.പി. ജയിന്‍ സ്കൂള്‍ ഓഫ് ഗ്ളോബല്‍ മാനേജ്മെന്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ദുബായി കാമ്പസ് മേധാവിയും ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗില്‍ വിദഗ്ധനും പരിശീലകനുമായ പ്രഫ. ക്രിസ്റഫര്‍ ഏബ്രഹാം ആണു ശില്‍പ്പശാല നയിക്കുന്നത്.

തീരുമാനമെടുക്കല്‍ ഒരു കഴിവാണ്. ഈ കഴിവിനെ പരിശീലനം വഴി കൂടുതല്‍ ബലപ്പെടുത്താമെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ് ഈ ശാസ്ത്രീയ പാഠങ്ങളുടെ പ്രയോഗ രൂപമാണ്. മനുഷ്യ മസ്തിഷ്കത്തില്‍ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നവിധം മുതല്‍, അവ തെറ്റും ശരിയുമായി മാറുന്നതെങ്ങനെ തുടങ്ങി വിവിധ കാര്യങ്ങള്‍ അപഗ്രഥന വിധേയമാക്കുക, വ്യക്തിപരമോ ഔദ്യോഗികമോ ആയ തലങ്ങളില്‍ ശരിയായ തീരുമാനങ്ങളിലെത്തിച്ചേരാന്‍ മസ്തിഷ്കത്തെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ്.

90 മിനിറ്റു നീണ്ടു നില്‍ക്കുന്ന പ്രസന്റേഷന്‍ ഉള്‍പ്പെടുന്നതാണു ശില്‍പ്പശാല എന്ന് പരിപാടികള്‍ വിശദീകരിച്ചുകൊണ്ടു ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. അബ്ദുള്‍ ഷുക്കൂര്‍, ഐ-സ്മാര്‍ട്ട് ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി എന്നിവര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍