ജര്‍മനിയില്‍ എന്‍ജിനിയര്‍മാര്‍ക്കുള്ള ക്ഷാമം രൂക്ഷമാകുന്നു
Tuesday, August 18, 2015 8:18 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ എന്‍ജിനിയര്‍മാര്‍ക്ക് ഇപ്പോള്‍ തന്നെ അവസരങ്ങള്‍ ഏറെയാണ്. വിദൂര ഭാവിയിലും ഈ അവസ്ഥ തുടരുമെന്നാണു തൊഴില്‍ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. 2029 ആകുമ്പോഴേക്കും രാജ്യത്ത് രണ്ടര ലക്ഷം എന്‍ജിനിയര്‍മാരുടെ ഒഴിവുണ്ടാകുമെന്നാണു കൊളോണ്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്‍ച്ച് വിലയിരുത്തുന്നത്. എന്‍ജിനിയറിംഗ് മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണു പഠനം നടത്തിയിരിക്കുന്നത്.

സാമ്പത്തികവും ജനസംഖ്യാപരവുമായ കാരണങ്ങളാണ് ഈ സാഹചര്യത്തിലേക്കു നയിക്കുന്നത്. ബേബി ബൂം കാലഘട്ടത്തില്‍ ജനിച്ച തലമുറയ്ക്ക് റിട്ടയര്‍മെന്റ് പ്രായമാകുന്നതോടെ തൊഴിലാളിസമൂഹത്തില്‍ വലിയ കുറവു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സാങ്കേതിക മേഖലകളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവു കാണുന്നു. ഇതിനൊപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അനുദിനം വളര്‍ച്ച പ്രാപിക്കുകയും ചെയ്യുമ്പോള്‍ വിദഗ്ധ തൊഴിലാളികളുടെ ആവശ്യം ക്രമാനുഗതമായി കൂടിവരുകയും ചെയ്യും.

വിദേശത്തുനിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഇതുവഴി മികച്ച അവസരങ്ങളാണു തുറന്നുകിട്ടുക. കുടിയേറ്റം പ്രോത്സാഹിപ്പിക്കാതെ സാങ്കേതിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ ജര്‍മനിക്കു കഴിയില്ലെന്നും ഇക്കണോമിക് ഇന്‍സ്റിറ്റ്യൂട്ട് വിലയിരുത്തുന്നു.

പഠനം പൂര്‍ത്തിയാക്കിയശേഷം തൊഴില്‍ തേടിയെത്തുന്നവരെക്കാള്‍, ജര്‍മനിയില്‍ത്തന്നെ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദേശികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നാണു വിദഗ്ധോപദേശം. രാജ്യത്തു തന്നെ വിദ്യാഭ്യാസം നേടുന്നത് ഇവിടുത്തെ ജനങ്ങളുമായും സംസ്കാരവുമായി ഇഴുകിച്ചേരാന്‍ വിദേശികളെ സഹായിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ജര്‍മന്‍ ഭാഷാജ്ഞാനവും ജോലി വൈദഗ്ധ്യവും നേടിയാല്‍ ജര്‍മനിയിലേക്കു കുടിയേറാന്‍ ഏറെക്കുറെ സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍