ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്യ്രദിന സംഗമം നടത്തി
Tuesday, August 18, 2015 5:54 AM IST
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള കമ്മിറ്റി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്യ്രദിന സംഗമം സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.ടി. ഷരീഫ് മാസ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ്രസമരത്തില്‍ ജീവാര്‍പ്പണം ചെയ്ത ചരിത്ര പുരുഷന്മാരെ സ്മരിക്കാനും രാഷ്ട്രശില്‍പ്പികള്‍ ഊന്നല്‍ നല്‍കിയ ജനാധിപത്യമതേതരത്വ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് പ്രതിജ്ഞ ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജിദ്ദയില്‍ സാമൂഹ്യസേവന രംഗത്ത് നിസ്വാര്‍ഥ സേവനം നടത്തുന്ന പി.കെ. അലി, മുജീബ് കുണ്ടൂര്‍, മുഹമ്മദ് ഖാന്‍ ജാന്‍, അബ്ദുസലാം ചേലേമ്പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തങ്ങള്‍ക്കു ലഭിച്ച അംഗീകാരം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാവുമെന്നു മറുപടി പ്രസംഗത്തില്‍ അവര്‍ സൂചിപ്പിച്ചു.

പ്രശസ്ത കവി അരുവി മോങ്ങം എഴുതി അവതരിപ്പിച്ച സ്വാത്രന്ത്യ്രദിന കവിതകള്‍ സദസിനു വേറിട്ട അനുഭവമായി. ഗായകന്‍ അബ്ദുള്‍ ഹമീദ് കരുമ്പിലാക്കല്‍ സ്വാതന്ത്യ്ര സമരത്തെ അനുസ്മരിച്ച് ഗാനമാലപിച്ചു.

വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടന്ന ദേശഭക്തിഗാന മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ആഖിഫ് അബ്ദുള്ളയും ജൂണിയര്‍ വിഭാഗത്തില്‍ നഷ്വ ഉമര്‍ ഹുസൈനും സംഘഗാനത്തില്‍ ആരിഫുദ്ദീനും സംഘവും ജേതാക്കളായി. വിജയികള്‍ക്കുള്ള സ്വര്‍ണ നാണയം അരുവി മോങ്ങം, അബ്ദുള്‍ ഹമീദ് കരുമ്പിലാക്കല്‍ എന്നിവര്‍ വിതരണം ചെയ്തു.

മജീഷ്യന്‍ അബ്ദുള്‍ ഹമീദ് മണലായ അവതരിപ്പിച്ച മാജിക് ഷോ സദസിനെ കൈയിലെടുത്തു. സോഷ്യല്‍ ഫോറം കേരള പ്രസിഡന്റ് ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ കൊടുങ്ങല്ലൂര്‍ സ്വാഗതവും റാഫി ബീമാപള്ളി നന്ദിയും പറഞ്ഞു. ഹസന്‍ മങ്കട അവതാരകനായിരുന്നു. ബീരാന്‍ കുട്ടി കോയിസന്‍, മുജീബ് അഞ്ചച്ചവിടി, റഷീദ് ഷൊര്‍ണൂര്‍, അലി കാരാടി, സി.വി. അഷ്റഫ്, ബഷീര്‍ കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍