റിയാദ് വലിയങ്ങാടി മഹല്ല് കമ്മിറ്റി വീടു നിര്‍മിച്ചു നല്‍കി
Monday, August 17, 2015 8:12 AM IST
റിയാദ്: മലപ്പുറം വലിയങ്ങാടി മഹല്ല് കമ്മിറ്റിയും ഹാജിയാര്‍പള്ളി അക്കാഡമിക് ലൈബ്രറി കമ്മിറ്റിയും ചേര്‍ന്നു നിര്‍മിച്ച അഞ്ചാമത് വീടിന്റെ താക്കോല്‍ ദാനവും ചടങ്ങിന്റെ ഉദ്ഘാടനവും സയിദ് അബ്ദുനാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി) നടത്തി.

ചടങ്ങില്‍ അക്കാഡമിക്ക് ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് കെ.വി.എസ്. ആറ്റകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം കൂട്ടായ്മയായ റിമാല്‍ സെക്രട്ടറി ഡോ. സലീം കൊന്നോല, മഹല്ല് കമ്മിറ്റിയും മഹല്ലിലെ നിവാസികളും രാഷ്ട്രീയ മത ചിന്താഗതികള്‍ക്കതീതമായി ഒറ്റക്കെട്ടായി നിന്നാല്‍ എന്തെല്ലാം ചെയ്യാന്‍ പറ്റും എന്നതിനെക്കുറിച്ച് ക്ളാസെടുത്തു. റിയാദ് കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ റഷീദ് കൊട്ടേക്കോടന്‍ 16 വര്‍ഷമായി കമ്മിറ്റി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

വീടില്ലാത്തവര്‍ക്ക് വീട്, ചികില്‍സ, വിവാഹധന സഹായം, വിദ്യഭ്യാസ സ്കോളര്‍ഷിപ്പ്, റിയാദിലെ പ്രവാസികള്‍ക്കുള്ള പലിശരഹിത വായ്പ പദ്ധതി മറ്റും പ്രവാസികളുടെ ജോലി, മറ്റു നിയമപരമായ ആവശ്യങ്ങളില്‍ കമ്മിറ്റിയെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം വിശദമായി വിശദീകരിച്ചു. കമ്മിറ്റിയുടെ കീഴിലുള്ള മലപ്പുറം വാറങ്കോട് സ്വദേശിക്കുള്ള ആറാമത്തെ വീടിന്റെ പണി പകുതിയോളം കഴിഞ്ഞതായും അറിയിച്ചു. അബു തറയില്‍ മലപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനെ കുറിച്ച് വിശദീകരിച്ചു. പരി മജീദ്, കൌണ്‍സിലര്‍ ഷിഹാബുദ്ദീന്‍, മാനു, കൌണ്‍സിലര്‍ ഷമീം, കൌണ്‍സിലര്‍ പരി ഉസ്മാന്‍, ഹസൈന്‍ മച്ചിങ്ങല്‍, ഉമ്മര്‍ കാടേങ്ങല്‍, അമീര്‍ കൊന്നോല, മലിക്ക് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഹമീദ് ചോലക്കല്‍ വടാകുളം നാസര്‍, മുനീര്‍ കമ്പര്‍, മൊയ്തീന്‍ കോയ, വാളന്‍ ബാബു, മുജീബ് മങ്കരത്തൊടി, കെ.കെ. അനീസ് ബാബു, സാജു മന്‍സൂര്‍, മജീദ് മൂഴിക്കല്‍, ലത്തീഫ് മുസ്ലിയാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. കളപ്പാടന്‍ സലിം സ്വാഗതവും വരിക്കോടന്‍ ഷിഹാബ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍