ബുണ്ടസ് ലിഗയ്ക്ക് തുടക്കമായി ; ബയേണും ബോറൂസിയും ആദ്യജേതാക്കള്‍
Monday, August 17, 2015 8:11 AM IST
ബര്‍ലിന്‍: ഹാംബുര്‍ഗര്‍ എസ്വിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ച് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ഫുട്ബോള്‍ ലീഗിന്റെ പുതിയ സീസണില്‍ ഉജ്വല തുടക്കം കുറിച്ചു. വാരാന്ത്യത്തില്‍ ആരംഭിച്ച ആദ്യമല്‍സരം അന്‍പത്തിമൂന്നാം ലിഗാ സീസന്റെ വരവിനെ ഏറെ നിറച്ചാര്‍ത്തണിയിക്കുന്നതായിരുന്നു.

ഡിഫന്‍ഡര്‍ മേധി ബെനാഷ്യയിലൂടെ ഇരുപത്തേഴാം മിനിറ്റിലാണ് ബയേണ്‍ മുന്നിലെത്തുന്നത്. ആദ്യ പകുതിയില്‍ മറ്റു ഗോളുകളൊന്നും വീണില്ല. 52ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ലീഡ് ഇരട്ടിപ്പിച്ചു.

69, 72 മിനിറ്റുകളില്‍ തോമസ് മ്യുള്ളര്‍ നേടിയ ഗോളുകളോടെ കളിയില്‍ അദ്ഭുതങ്ങള്‍ക്കുള്ള സാധ്യത പോലും അടഞ്ഞു. 87 ാം മിനിറ്റില്‍ ഡഗ്ളസ് കോസ്റ്റ പട്ടിക തികയ്ക്കുകയും ചെയ്തു. പതിമൂന്നാം തവണയാണ് ബുണ്ടസ് ലിഗയില്‍ മ്യുള്ളര്‍ ഒരേ മത്സരത്തില്‍ രണ്ടു ഗോള്‍ നേടുന്നത്.

ബോറൂസിയ ഡോര്‍ട്ട്മുണ്ടും വിജയക്കൊടി നാട്ടി



ബയേണ്‍ മ്യൂണിക്കിനു പിന്നാലെ രണ്ടാം ദിവസത്തെ മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടും വമ്പന്‍ വിജയത്തോടെ തുടക്കം കുറിച്ചു. മൊണ്‍ഷെന്‍ഗ്ളാഡ്ബാഹിനെ എതിരില്ലാത്ത നാലു ഗോളിനാണ് മുന്‍ ചാമ്പ്യന്മാര്‍ മുട്ടുകുത്തിച്ചത്.

മാര്‍ക്കോ റൊയസ്, പിയറി എമറിക് ഔബാമെയാങ്, ഹെന്റിക് ഖിതാര്യന്‍ എന്നിവരുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്ന ബോറൂസിയയ്ക്കായി ഖിതാര്യന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി.

ബോറൂസിയയെ പോലെ തന്നെ കഴിഞ്ഞ സീസണിലെ നിരാശ പരിഹരിക്കാനിറങ്ങുന്ന ഷാല്‍ക്കെയും ആധികാരിക വിജയം നേടി. ആന്ദ്രെ ബ്രീറ്റെന്റെയ്റ്റര്‍ എന്ന പുതിയ പരിശീലകനു കീഴില്‍ കളിക്കുന്ന ഷാല്‍ക്കെ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ജയവും സ്വന്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍