ഓസ്ട്രിയയില്‍ വാഹനമോടിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനു നിരോധനം
Monday, August 17, 2015 8:07 AM IST
വിയന്ന: ഓസ്ട്രിയയില്‍ വാഹനമോടിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനു നിരോധനം വരും. ഡ്രൈവിംഗിനിടയില്‍ എസ്എംഎസ് ചെയ്യുക, വാട്സ്ആപ്പ് ഉപയോഗിക്കുക, മെയിലുകള്‍ വായിക്കുക തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗങ്ങള്‍ക്ക് താമസിയാതെ കൂച്ചുവിലങ്ങു വീഴും. ഇതിനൊന്നും ഇപ്പോള്‍ യാതൊരു നിരോധനവും നിലവില്‍ ഓസ്ട്രിയയില്‍ ഇല്ല.

മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്‍വര്‍ഷത്തെ പഠനമനുസരിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുവാന്‍വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് ശ്രവണസഹായി കൂടാതെയുള്ള ഫോണ്‍ ചെയ്യല്‍ നിരോധിച്ചിരുന്നത്.

സോഷ്യലിസ്റ് പാര്‍ട്ടിയും ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സംയുക്തമായി അവതരിപ്പിക്കുന്ന നിയമമനുസരിച്ച് താമസിയാതെ തന്നെ ഗതാഗത മന്ത്രാലയം വാഹനമോടിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുത്തും. ഇതനുസരിച്ച് വാഹന മോടിക്കുമ്പോള്‍ മെസേജ് അയയ്ക്കുന്നതും വാട്സ്ആപ്പ് ഉപോഗിക്കുന്നതും മെയിലുകള്‍ അയയ്ക്കുന്നതും വായിക്കുന്നതിനും നിരോധനം വരും.

എന്നാല്‍ നാവിഗേഷന്‍ ഉപയോഗിക്കുന്നതിനു ഹാന്‍ഡ് ഫ്രീആയിട്ട് മൊബൈല്‍ ഉപയോഗിക്കുന്നതിനും അംഗീകാരം ലഭിക്കും. നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചുളള വിനോദങ്ങള്‍ വാഹനമോടിക്കുമ്പോള്‍ നടക്കില്ലെന്നു മാത്രമല്ല വലിയ പിഴയും ഒടുക്കേണ്ടി വരും. നാവിഗേഷനും ബ്ളൂടൂത്ത്, ഇയര്‍ഫോണ്‍ തുടങ്ങിയ ആധുനിക സൌകര്യങ്ങളുപയോഗിച്ച് ഫോണ്‍ വിളികള്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കാമെന്നു മാത്രം.

ജൂലൈ ഒന്നു മുതല്‍ ബ്ളുടൂത്തോ അല്ലാതെയോ ഉള്ള ഇയര്‍ ഫോണുകള്‍ വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഫ്രാന്‍സില്‍ (135 യുറോ വരെ പിഴ ലഭിക്കുന്ന) ശിക്ഷാര്‍ഹമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍