സ്വാന്‍സി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Monday, August 17, 2015 8:03 AM IST
സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചിന് പോണ്ടിലിവ് വില്ലേജ് ഹാളില്‍ നടക്കും.

രാവിലെ 9.30ന് പൂക്കള മത്സരത്തോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കും. പൂക്കള മത്സരത്തെ തുടര്‍ന്ന് സ്വാന്‍സിയിലെ മലയാളികളെ സന്ദര്‍ശിക്കാന്‍ എത്തുന്ന മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

10.30ന് കലാപരിപാടികള്‍ക്കു തുടക്കമാകും. സ്വാന്‍സി മലയാളി അസോസിയേഷനില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളും അണി നിരക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങി ക്കൊണ്ടിരിക്കുന്നത്. നൃത്ത നൃത്യങ്ങള്‍, തിരുവാതിര, കോമഡി സ്കിറ്റ് തുടങ്ങി നിരവധി ഇനങ്ങളാണ് കാണികള്‍ക്ക് ആസ്വദിക്കാനായി അസോസിയേഷന്‍ അംഗങ്ങള്‍ ഒരുക്കുന്നത്. കലാപരിപാടികള്‍ക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ നടത്തിയ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഓണഘോഷത്തോടനുബന്ധിച്ച് ഓണസദ്യയും വൈകുന്നേരം ചായയും നാടന്‍ പലഹാരങ്ങളും ഉണ്ടായിരിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ലിന്‍സി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരം ആയിരിക്കും മറ്റൊരു പ്രധാന ആകര്‍ഷണം. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്വാന്‍സിയിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്, സെക്രട്ടറി ജിനോ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്