സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് ആദരമായി യൂത്ത് ഇന്ത്യ രക്തദാന ക്യാമ്പ്
Monday, August 17, 2015 6:03 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യയുടെ അറുപത്തൊമ്പതാം സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് കുവൈറ്റ് സെന്‍ട്രല്‍ ബ്ളഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡോ.സുശീല്‍ കുമാര്‍ ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. 'രക്തം ദാനം നല്‍കൂ, ജീവന്റെ സമ്മാനം പകര്‍ന്നു നല്‍കൂ' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം ഇന്ത്യക്കാരാണ് രക്തദാനം നിര്‍വഹിക്കാനായി എത്തിയത്.

സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ യുവാക്കളുടെ കൂട്ടായ്മ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്ളാഘനീയമാണെന്നു ഡോ. സുശീല്‍കുമാര്‍ പറഞ്ഞു. വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജാബിരിയയിലെ സെന്‍ട്രല്‍ ബ്ളഡ് ബാങ്കിലായിരുന്നു ക്യാമ്പ്.

കുവൈറ്റ് സെന്‍ട്രല്‍ ബ്ളഡ് ബാങ്ക് പിആര്‍ സെക്രട്ടറി ത്വാരിക്ക് ഈസ അല്‍ ഗര്‍ബലി, യൂത്ത് ഇന്ത്യ കുവൈറ്റ് രക്ഷാധികാരി കെ.എ.സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു, ജനറല്‍സെക്രട്ടറി പി.ടി.ഷാഫി, പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ കെ. റഷീദ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍