ഇന്ത്യക്കാരി സ്വിറ്റ്സര്‍ലാന്‍ഡില്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു
Saturday, August 15, 2015 6:01 AM IST
ലുറ്റ്സേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലെ ലുറ്റ്സേണിലെ പൊതുവഴിയില്‍ ഇന്ത്യക്കാരി മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. സംഭവത്തില്‍ വിവിധ മനുഷ്യാവകാശ, വനിതാ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഓഗസ്റ് 22നു (ശനി) സ്വിറ്റ്സര്‍ലാന്‍ഡിലെ ലുറ്റ്സേണില്‍ പ്രതിഷേധ പ്രകടനവും യുവതിയോടുള്ള ഐക്യദാര്‍ഡ്യവും നടക്കും. മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സൈക്കിളിലാണ് പ്രതിഷേധ മാര്‍ച്ച് ഒരുക്കുക. പ്രതിഷേധ പ്രകടനത്തിന് പോലീസ് അനുവാദം നല്‍കിയിട്ടുണ്ട്.

4.30ന് (16:30) ലുറ്റ്സേണ്‍ സിറ്റിയില്‍നിന്നും (ങüവഹലുഹമ്വേ, ഘ്വൌലൃി) പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. സൈക്കിള്‍, വീല്‍ചെയര്‍ കൂടാതെ കാല്‍നടയായും മനുഷ്യസ്നേഹികള്‍ പങ്കെടുക്കും. യുവതി മാനഭംഗം ചെയ്യപ്പെട്ട റൂസ് നദീ തീരത്തിലൂടെ മാര്‍ച്ച് കടന്നു പോകും. പ്രതിഷേധസൂചകമായി വഴിയരികില്‍ ഒരു വൃക്ഷത്തൈ നടും. ലുറ്റ്സേണ്‍ പോലീസ് സൈക്കിളില്‍ തന്നെ പ്രതിഷേധ പ്രകടനത്തിന് അകമ്പടി സേവിക്കും.

ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഇന്ത്യക്കാരിയായ യുവതി ക്രൂരമായി മാനഭംഗത്തിനിരയായത്. നട്ടെല്ലിനു മാരകമായി പരുക്കേറ്റ യുവതി കഴുത്തിന് കീഴോട്ട് തളര്‍ന്നു ശയ്യാവലംബയാവുകയും ചെയ്തത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു.

മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ സംബന്ധിച്ച് പോലീസിനു യാതൊരു വിവരവുമില്ല.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍