അമേരിക്കന്‍ മലങ്കര അതിഭദ്രാസനം വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നു
Saturday, August 15, 2015 1:19 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ അതിഭദ്രാസന കൌണ്‍സില്‍ യോഗം ഓഗസ്റ് ആദ്യവാരത്തില്‍ ഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭദ്രാസനത്തിന്റെ കാലാനുസൃതമായ വളര്‍ച്ചയും പുരോഗതിയും മുന്നില്‍ക്കണ്ട് നടപ്പില്‍വരുത്തുവാന്‍ ആഗ്രഹിക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു.

ന്യൂജേഴ്സിയുടെ ഹൃദയഭാഗത്ത് വിപ്പനിയില്‍ ന്യൂവാര്‍ക് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി പ്രധാന ഹൈവേയുടെ ഓരത്ത് ഇപ്പോഴുള്ള അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ആസ്ഥാന മന്ദിരം, പാത്രിയര്‍ക്കാ സെന്റര്‍, വൈദിക സെമിത്തേരി, കോണ്‍ഫറന്‍സ് ഹാള്‍, ഭക്ത സംഘടന ഹെഡ്ക്വാര്‍ട്ടേഴ്സ്, ലൈബ്രറി തുടങ്ങി വിവിധ സൌകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പള്ളി പ്രതിപുരഷ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പദ്ധതി ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ്, ട്രഷറര്‍ തോമസ് ചാണ്ടി എന്നിവര്‍ അറിയിച്ചു.

അതിഭദ്രാസനത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും തുടര്‍ന്നുള്ള വികസന പ്രവര്‍ത്തന പദ്ധതികളിലും എല്ലാ സഭാംഗങ്ങളുടേയും സഹകരണവും പ്രാര്‍ഥനയും യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അഭ്യര്‍ഥിച്ചു.

പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍