ഒരുമയോടെ ഒരോണം: നാമവും മഞ്ചും സംയുക്ത ഓണാഘോഷത്തിലൂടെ ചരിത്രത്തിലേക്ക്
Friday, August 14, 2015 8:12 AM IST
ന്യൂജേഴ്സി: അസമത്വങ്ങളില്ലാതെ മലയാളി ഒന്നായി ജീവിച്ച, മാവേലി മന്നന്റെ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ടു വരുന്ന ഓണക്കാലത്തെ വരവേല്‍ക്കാന്‍ ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനകളായ നാമവും മഞ്ചും സംയുക്തമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ന്യൂജേഴ്സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണു രണ്ടു സംഘടനകള്‍ ഒരുമിച്ചുനിന്നു ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ പറഞ്ഞു.

ഒരുമയുടെ ഓണസന്ദേശം 'ഒരുമ' മലയാളികള്‍ക്കു പകര്‍ന്നുകൊണ്ട് 2015 സെപ്റ്റംബര്‍ 19-ന് എഡിസണ്‍ ഹെര്‍ബെര്‍ട്ട് ഹൂവര്‍ മിഡില്‍ സ്കൂളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സജിത് കുമാറിനെ കണ്‍വീനറായും സജിമോന്‍ ആന്റണി, അജിത് പ്രഭാകര്‍ എന്നിവരെ കോ- കണ്‍വീനറായും തെരഞ്ഞെടുത്തതായി നാമം പ്രസിഡന്റ് ജിതേഷ് തമ്പി അറിയിച്ചു.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളം, തിരുവാതിരകളി, പുലികളി, കലാപരിപാടികള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും.

ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഓണസദ്യയും ആസ്വദിക്കാന്‍ കണ്‍വീനര്‍ സജിത്ത് കുമാര്‍ ഏവരേയും സ്വാഗതം ചെയ്തു.

രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം