കംപ്യൂട്ടര്‍ പനി വരുത്തും
Friday, August 14, 2015 8:10 AM IST
ബര്‍ലിന്‍: ആറു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി സമയം ചെലവഴിക്കുന്നവര്‍ക്ക് പനിയും ജലദോഷവുമെല്ലാം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഠന റിപ്പോര്‍ട്ട്.

കംപ്യൂട്ടറിനു മുന്നിലിരുന്നു രാവും പകലുമെന്നുമില്ലാതെ ജോലി ചെയ്യുന്നവര്‍ പുറത്തൊന്നും പോകാത്തതുകൊണ്ട് ഇവരുടെ പ്രതിരോധശേഷി നഷ്ടപ്പെടും. ഇതുകൊണ്ടാണ് ഇവര്‍ക്കു പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വാന്‍സി, മിലന്‍ എന്നീ യൂണിവേഴ്സിറ്റികളിലെ ഗവേഷകരാണു പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്.

കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് ഉറക്കക്കുറവും വാരിവലിച്ചു ഭക്ഷിക്കുന്ന ശീലവുമെല്ലാമുണ്ടാകുമെന്ന മുമ്പത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഉറക്കമില്ലായ്മവും തെറ്റായ ഭക്ഷണശീലവുമെല്ലാം ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്െടന്നു പറയുന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫ. ഫീല്‍ റീഡ്. വിഷാദരോഗവും ഉറക്കമില്ലായ്മയും ഏകാന്തതയുമെല്ലാം കംപ്യൂട്ടര്‍ ജീവിതത്തില്‍ വരുന്ന മറ്റു ചില പ്രശ്നങ്ങളാണ്.

18 മുതല്‍ 101 വയസു വരെ പ്രായമുള്ള അഞ്ഞൂറു പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രതിരോധശേഷിയും കംപ്യൂട്ടറിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം കണ്െടത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പത്തു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന നാല്‍പ്പതു ശതമാനം പേര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുണ്െടന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതു മാത്രമല്ല, നെറ്റ് കണക്ഷന്‍ ലഭിക്കാതിരുന്നാല്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതായും ഇവര്‍ പറയുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ലെവലില്‍ മാറ്റം സംഭവിക്കുന്നുണ്ട് ഇത്തരം സന്ദര്‍ഭങ്ങളിലെന്ന് ഗവേഷകര്‍ പറയുന്നു.

ഭൂരിപക്ഷം പേരും ആറുമണിക്കൂര്‍ വരെയാണ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്നും വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് പത്തു മണിക്കൂറോളം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. അതില്‍ തന്നെ കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ കഴിയുന്നവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാണ് സമയം ചെലവഴിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍