എമിരേറ്റ് എയര്‍വെയ്സ് അമേരിക്കയിലെ യാത്രകള്‍ക്ക് 'അമേരിക്കാ പാസ്' നല്‍കുന്നു
Friday, August 14, 2015 6:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ് എയര്‍വേസ് അമേരിക്കയിലെ യാത്രകള്‍ക്ക് 'അമേരിക്കാ പാസ്' നല്‍കുന്നു. ഇന്ത്യയില്‍ നിന്നും എമിരേറ്റ് എയര്‍വേസിന്റെ ഫ്ളൈറ്റില്‍ അമേരിക്കയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് 'അമേരിക്കാ പാസ്' ലഭിക്കാന്‍ അര്‍ഹതയുള്ളത്.

ഇന്ത്യയിലെ പത്ത് എയര്‍പോര്‍ട്ടുകളില്‍നിന്ന് എമിരേറ്റ് എയര്‍വെയ്സിന് അമേരിക്കയിലേക്കു കണക്ഷന്‍ ഫ്ളൈറ്റുകളുണ്ട്. അതുപോലെ അമേരിക്കയിലെ പ്രധാനപ്പെട്ട പത്ത് എയര്‍പോര്‍ട്ടുകളിലേക്ക് എമിരേറ്റ് എയര്‍വെയ്സ് ഇപ്പോള്‍ ഫ്ളൈറ്റുകള്‍ നടത്തുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്കും എമിരേറ്റ് ഫ്ളൈറ്റ് തുടങ്ങും.

എമിരേറ്റ് എയര്‍വെയ്സിന്റെ ഫ്ളൈറ്റില്‍ അമേരിക്കയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാരന് എമിരേറ്റ് എയര്‍വേസിന്റെ പാര്‍ട്ണര്‍ എയര്‍ലൈനുകളായ ജെറ്റ് ബ്ളൂ, അലാസക്ാ എയര്‍ലൈന്‍, വെര്‍ജിന്‍ അമേരിക്കാ, വെസ്റ് ജെറ്റ് എയര്‍ലൈന്‍, പോര്‍ട്ടര്‍ എയര്‍ലൈന്‍ എന്നിവയില്‍ ഒരു സെക്ടറിനു 6334 ഇന്ത്യന്‍ രൂപയ്ക്ക് കാനഡ, നോര്‍ത്ത് ആന്‍ഡ് സൌത്ത് അമേരിക്കാ എന്നിവിടങ്ങളിലേക്ക് പറക്കാം. അമേരിക്കയിലെ ഫ്ളൈറ്റുകള്‍ക്കും 23 കിലോ ഭാരമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജുകളും അനുവദിക്കും. അമേരിക്കയിലും കാനഡയിലും പറക്കാന്‍ എത്ര കൂപ്പണുകള്‍ വേണമെങ്കിലും 6334 ഇന്ത്യന്‍ രൂപയ്ക്ക് വാങ്ങാം.

1980 കളിലെ 'വിസറ്റ് യുഎസ്എ പാസ്' നിറുത്തിയതിനുശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സൌകര്യം എമിരേറ്റ് എയര്‍വെയ്സ് ഒരുക്കുന്നത്.

വിവരങ്ങള്‍ക്കും ബുക്കിംഗിനും ഇന്ത്യയിലെ എമിരേറ്റ് എയര്‍വേസിന്റെ ഓഫീസിനെ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍