മുപ്പത്താറാമത് മാര്‍ത്തോമ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു
Friday, August 14, 2015 6:04 AM IST
ഡെലവര്‍വാലി: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന 36-ാമത് ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സിനു സമാപനം. ജൂലൈ 30 മുതല്‍ ഓഗസ്റ് രണ്ടു വരെ നടന്ന ദേശീയ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നുളള 150 ല്‍പരം യുവജനങ്ങള്‍ പങ്കെടുത്തു.

വെസ്റ് ചെസ്റര്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയായില്‍ നടന്ന കോണ്‍ഫറന്‍സിന് ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവകയാണ് ആതിഥേയത്വം വഹിച്ചത്.

ജൂലൈ 30നു നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ ഭദ്രാസന എപ്പിസ്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് നിലവിളക്കു തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ നാഥനായ യേശുക്രിസ്തുവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് സഭയുടെ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടു നാം അധിവസിക്കുന്ന സമൂഹത്തിലും സഭയിലും രാജ്യത്തു കത്തുന്ന വിളക്കുകളായി ശോഭിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയട്ടെയെന്നു മെത്രാപ്പോലീത്ത ആശംസിച്ചു.

കോണ്‍ഫറന്‍സ് നേതാക്കളെ കൂടാതെ ഭദ്രാസന സെക്രട്ടറി റവ. ബിനോയി തോമസ്, റവ. ബിനു സി. ശാമുവല്‍, റവ. റജി തോമസ്, റവ. വര്‍ഗീസ് കെ. തോമസ്, റവ. ജിജു ജോണ്‍, റവ. മാത്യൂസ് ഏബ്രഹാം എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. യൂത്ത് ചാപ്ളെയിന്മാരായ റവ. ഡെന്നിസ് ഏബ്രഹാം, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഷിബി ഏബ്രഹാം എന്നിവര്‍ വേദ പഠനക്ളാസുകള്‍ക്കു നേതൃത്വം നല്‍കി. റവ. ഏബ്രഹാം കുരുവിള, ഡോ. ചെറിയാന്‍ വര്‍ഗീസ് എന്നിവര്‍ ട്രാക്ക് സെഷനുകള്‍ക്കു നേതൃത്വം നല്‍കി.

ഡോ. ഷോണ്‍ രാജന്‍ മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. മുഖ്യ ചിന്താവിഷയമായ റോമന്‍ 5:3-5 വരെയുളള വാക്യങ്ങളെ അധികരിച്ച് നിരവധി ചര്‍ച്ചകളും പഠനങ്ങളും നടന്നു. ദൈവത്തിന്റെ സ്നേഹം നമുക്ക് നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ കഷ്ടങ്ങളിലും നാം പ്രശംസിക്കണം. ദൈവത്തിലുളള പ്രത്യാശയ്ക്കു ഭംഗം വന്നു കൂടാ. യുവജനങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ചര്‍ച്ചകളെ സജീവമാക്കിയതു ശ്രദ്ധേയമായിരുന്നു.

പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, ടാലന്റ് നൈറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് നിറഞ്ഞു നിന്ന നാലു ദിനങ്ങള്‍ സ്മരണകളില്‍ എന്നും നിറഞ്ഞുനില്‍ക്കുമെന്നു കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഫറന്‍സ് സമാപിച്ചു. ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി റവ. റോയി തോമസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് മാത്യു, ചര്‍ച്ച് യൂത്ത് ഫെല്ലോഷിപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി