സൌദിയില്‍ കെട്ടിടത്തില്‍നിന്നു വീണ് മലയാളി മരിച്ചു
Friday, August 14, 2015 5:25 AM IST
റിയാദ്: വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് ആലപ്പുഴ സ്വദേശി ദാരുണമായി മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ കരുമാടി സ്വദേശി കല്ലുമ്മല്‍ ശ്രീകുമാര്‍ സോമനാണ് (36) ഒലയ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന 12 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു തത്ക്ഷണം മരിച്ചത്. അല്‍ വജ്ഹത് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ശ്രീകുമാര്‍ കെട്ടിടത്തിന്റെ നിര്‍മാണജോലിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ അബദ്ധത്തില്‍ ക്രെയില്‍ തലക്കടിച്ചു താഴേക്ക് വീഴുകയായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ അറിയിച്ചതായി ഒരുമിച്ച് താമസിക്കുന്ന നാട്ടുകാരനായ മനു പറഞ്ഞു. വീണ ഉടന്‍ മരണം സംഭവിച്ചതായും മൃതദേഹം ശുമൈസി ആശുപത്രിയിലേക്കു മാറ്റിയതായും മനു അറിയിച്ചു.

അഞ്ചു വര്‍ഷം അല്‍ ഫനാര്‍ അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്ത ശ്രീകുമാര്‍ എട്ടു മാസം മുന്‍പാണു ഈ കമ്പനിയിലേക്കു പുതിയ വിസയില്‍ വന്നത്. ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. കല്ലുമ്മല്‍ സോമന്‍ വാസുദേവന്‍-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സിബി ശ്രീകുമാറാണു ഭാര്യ. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കമ്പനി ഉദ്യോഗസ്ഥരോടൊപ്പം സഹായവുമായി രംഗത്തുള്ള കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍