പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കി
Thursday, August 13, 2015 8:17 AM IST
ബെര്‍ലിന്‍-ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കിയതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കുന്നതിന് പോലീസ് വെരിഫിക്കേഷന്റെ പേരില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും കാലതാമസം നേരിട്ടിരുന്നു. പാസ്പോര്‍ട്ട് പുതുക്കുന്നതിനു പോലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ലെന്ന തീരുമാനത്തിലൂടെ നടപടികള്‍ക്കുള്ള കാലതാമസം ഒഴിവാകുകയും നടപടിക്രമങ്ങള്‍ എളുപ്പമാവുകയും ചെയ്യും. പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും നടന്നിരുന്നു.

പാസ്പോര്‍ട്ട് നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് മന്ത്രി ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പുതിയ പാസ്പോര്‍ട്ട് നല്‍കുമ്പോഴുള്ള വെരിഫിക്കേഷനു പോലീസുകാര്‍ക്കുപകരം പോസ്റ്മാന്‍മാരെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍, സര്‍ക്കാര്‍ ജീവനക്കക്കാര്‍, 65നു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നതില്‍ വ്യവസ്ഥകള്‍ക്കുവിധേയമായി പോലീസ് വെരിഫിക്കേഷനില്‍ ഇളവു നല്‍കി. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഓണ്‍ലൈനായി നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍