വാളപ്ര മുഹമ്മദ് കുഞ്ഞിയെ ഒഐസിസി അനുസ്മരിച്ചു
Thursday, August 13, 2015 6:20 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി വാളപ്ര മുഹമ്മദ് കുഞ്ഞിയെ അനുസ്മരിച്ചു. ഒഐസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി അകമഴിഞ്ഞ് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന നേതാവായിരുന്നു മുഹമ്മദ്കുഞ്ഞി എന്ന് അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ട് കഷ്ടതയനുഭാവിക്കുന്ന പ്രവാസികള്‍ക്ക് എന്നും കൈത്താങ്ങായി സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണു മുഹമ്മദ് കുഞ്ഞി എന്നും വര്‍ത്തമാനകാല നേതാക്കള്‍ ആ പാത പിന്‍പറ്റണമെന്നും ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ പാപ്പറ്റ കുഞ്ഞിമുഹമ്മദ് പറഞ്ഞു.

സൌമ്യമായ പെരുമാറ്റംകൊണ്ട് പ്രവര്‍ത്തകരുടെ മനസില്‍ കൂടിയേറിയ വ്യക്തിയും എക്കാലത്തേയും ഒഐസിസി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാതൃകയാണെന്നും ഒഐസിസിയുടെ അബ്ദുറഹ്മാന്‍ സാഹിബ് ആണ് മുഹമ്മദ് കുഞ്ഞി എന്നും അദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞിരുന്ന ഷറഫിയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിത രേഖ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാദിക് കായംകുളം അവതരിപ്പിച്ചു.

ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ അബ്ദുറഹിം ഇസ്മായില്‍, ഹാഷിം കോഴിക്കോട്, ശ്രീജിത്ത് കണ്ണൂര്‍, വിലാസ് അടൂര്‍, മുജീബ് തൃത്താല എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. ഇഖ്ബാല്‍ പൂക്കുന്ന്, മുജീബ് മൂത്തേടത്ത്, സഹീര്‍ മാഞ്ഞാലി, ബഷീറലി പരുത്തികുന്നന്‍, സര്‍ദാര്‍ അബ്ദുസമദ്, ശ്രുതസേനന്‍ കളരിക്കല്‍, യൂനസ് കാട്ടൂര്‍, പ്രവീണ്‍ എടക്കാട്, ഫിറോസ് കാരകുന്ന്, അഫ്ഫാന്‍ റഹ്മാന്‍, ഇസ്മായില്‍ കൂരിപ്പോയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തിനു സിദ്ദീക്ക് ചോക്കാട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍