ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 22ന്
Thursday, August 13, 2015 5:14 AM IST
ഡിട്രോയിറ്റ്: മലയാളിയുടെ മാനവികതയുടെ മാറ്റു തെളിയിക്കുന്ന തിരുവോണം. മതവും ജാതിയും വേര്‍തിരിക്കാത്ത സ്നേഹസംഗമം, അതാണു ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുപ്പത്തഞ്ചാമത് ഓണാഘോഷത്തിന്റെ ഓര്‍മപ്പെടുത്തല്‍. സമത്വവും സാഹോദര്യവും നിലനിന്നിരുന്ന ഒരപൂര്‍വ സ്മരണയുടെ വീണ്െടടുപ്പിനായി ഓഗസ്റ് 22-നു (ശനിയാഴ്ച) മാഡിസണ്‍ ഹൈറ്റ്സ് ലാംഫിയര്‍ ഹൈസ്കൂളില്‍ ഡി.എം.എ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത നടനവിസ്മയം 'സുതലം' അരങ്ങേറും.

വിഷ്ണുഭഗവാന്റെ പാദസ്പര്‍ശത്താല്‍ ചതുര്‍ലോകങ്ങളില്‍ ഒന്നായ സുതലത്തില്‍ എത്തിപ്പെടുന്ന മഹാബലി ചക്രവര്‍ത്തി നാഗരാജാവായ വാസുകിയുടെയും നാഗസുന്ദരികളുടെയും അത്ഭുതലോകത്തില്‍ നേരിടുന്ന മായക്കാഴ്ചകള്‍ അത്യപൂര്‍വ്വ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിക്കുന്നു.

കൂടാതെ തിരുവാതിരകളി, ഗാനമേള, ഡാന്‍സ്, ഫാഷന്‍ഷോ, സ്കിറ്റ് തുടങ്ങി മറ്റ് നിരവധി കലാരൂപങ്ങള്‍ അരങ്ങേറുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12നു തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥിയായിരിക്കും. മെട്രോ ഡിട്രോയിറ്റിലെ എല്ലാ മലയാളി കുടുംബാംഗങ്ങളേയും അനുഭാവികളേയും സാദരം സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം