ഗൂഗിളിനെതിരേ ബിഎംഡബ്ള്യു നിയമനടപടിക്ക്
Wednesday, August 12, 2015 8:14 AM IST
ബര്‍ലിന്‍: ഗൂഗിള്‍ തങ്ങളുടെ പുതിയ മാതൃകമ്പനിക്ക് ആല്‍ഫബെറ്റ് എന്നു പേരു നല്‍കിയതിനെതിരേ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ള്യു നിയമ നടപടി സ്വീകരിച്ചേക്കും. ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉന്നയിക്കപ്പെടുന്നത്.

കോര്‍പറേറ്റ് കാര്‍ ഫ്ളീറ്റ് സേവനം നടത്തുന്ന ബിഎംഡബ്ള്യുവിന്റെ സബ്സിഡയറി കമ്പനി വര്‍ഷങ്ങളായി ആല്‍ഫബെറ്റ് എന്ന പേരിലാണു പ്രവര്‍ത്തിച്ചുവരുന്നത്. ആല്‍ഫബെറ്റ് ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നെയിമും അതിനായാണ് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ പേരന്റ് കമ്പനി രജിസ്റര്‍ ചെയ്തിരിക്കുന്ന ഡൊമെയ്ന്‍ നെയിം എബിസി ഡോട്ട് എക്സ്വൈസെഡ് എന്നാണ്.

ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് ബിഎംഡബ്ള്യു വക്താവ്. പേരന്റ് കമ്പനിക്കു പേരിടും മുമ്പ് ഗൂഗിള്‍ തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഗൂഗിള്‍ മാപ്പിന്റെ പ്രതിയോഗിയായ ഹിയര്‍ എന്ന ഡിജിറ്റല്‍ മാപ്പിംഗ് കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ ബിഎംഡബ്ള്യു, ഓഡി, ഡെയിംലര്‍ എന്നീ ജര്‍മന്‍ ഓട്ടൊമൊബൈല്‍ കമ്പനികള്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍