സൊലസിന് ദമാം മീഡിയ ഫോറത്തിന്റെ സഹായഹസ്തം
Wednesday, August 12, 2015 8:14 AM IST
കോഴിക്കോട്: മാരകരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും താങ്ങും തണലുമായി തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സൊലസിനു ദമാം മീഡിയ ഫോറം സാമ്പത്തിക സഹായം നല്‍കി. ഒരു ലക്ഷം രൂപയാണ് ഫോറം പ്രസിഡന്റ് പി.ടി. അലവി സൊലസ് സെക്രട്ടറി ഷീബ അമീറിനു കോഴിക്കോട് പ്രസ് ക്ളബില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്.

ഏഴുവര്‍ഷം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ലുക്കേമിയ വാര്‍ഡിനോടുചേര്‍ന്ന് പ്ളേ തെറാപ്പി യൂണിറ്റ് നിര്‍മിച്ചുകൊണ്ടായിരുന്നു ഷീബ അമീറിന്റെ നേതൃത്വത്തില്‍ സൊലസിന്റെ തുടക്കം. കാന്‍സര്‍, തലസേമിയ, നെഫ്രോട്ടിക് സിന്‍ഡ്രം, സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സയ്ക്കു വകയില്ലാതെ പ്രയാസപ്പെടുന്ന 800ഓളം കുടുംബങ്ങളെ സഹായിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്കു സൌജന്യ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്ന അക്ഷയപാത്രം പദ്ധതിക്ക് ദമാം മീഡിയഫോറം 2012 നവംബറില്‍ ഒരു ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുടംബത്തിന് വീടുവയ്ക്കാന്‍ നാലു ലക്ഷം രൂപയും ഫോറം നല്‍കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം ഒരു ഡോക്കുമെന്ററിയിലൂടെ പുറംലോകത്തെ പരിചയപ്പെടുത്തിയ പ്രഫ. എം.എ. റഹ്മാന്റെ നേതൃത്വത്തിലുള്ള എന്‍വിസാഗിന്റെ (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്സപ്പോര്‍ട്ട് ഗ്രൂപ്പ്) ഭവന നിര്‍മാണ പദ്ധതിയിലാണു ദമാം മീഡിയ ഫോറം പങ്കാളികളായത്. സൌദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമാം കേന്ദ്രീകരിച്ച് മൂന്നു വര്‍ഷം മുമ്പാണ് മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി ദമാം മീഡിയ ഫോറം രൂപവത്കരിച്ചത്. ഫോറത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രവാസി സാമൂഹിക സംഘടനകളും സുഹൃത്തുക്കളുമാണ് പ്രചോദനവും സഹായവുമായിവര്‍ത്തിച്ചതെന്നു ഫോറം ഭാരവാഹികള്‍ പറഞ്ഞു. പി.എ.എം. ഹാരിസ്, ടി.പി.എം. ഫസല്‍, എം.എം. നയീം, മുജീബ് കളത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം